ലോകകപ്പിനൊരുങ്ങിയ ഇന്ത്യക്ക് തിരിച്ചടി, സന്നാഹ മത്സരത്തിൽ തകർത്ത് ന്യൂസിലാൻഡ്

ലോകകപ്പിന് മുന്നോടിയായി സന്നാഹ മത്സരത്തിനിറങ്ങിയ ഇന്ത്യക്ക് വമ്പൻ തിരിച്ചടി. ആദ്യ മത്സരത്തിൽ 6 വിക്കറ്റ് ജയം സ്വന്തമാക്കി ന്യൂസിലാൻഡ്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 39.2 ഓവറിൽ 179 റൺസെടുത്ത് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാൻഡ് 77 പന്തുകൾ ബാക്കി നിൽക്കെ ലക്ഷ്യം കണ്ടു. വില്യംസണ്ണും(67) ടൈലറുമാണ്(71) ന്യൂസിലൻഡിന്റെ വിജയ ശിൽപികൾ. ജഡേജ, പാണ്ട്യ,ചഹാൽ, ബുമ്ര എന്നിവർക്ക് ഇന്ത്യക്ക് വേണ്ടി ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ന്യൂസിലാൻഡിനു വേണ്ടി ഗപ്ടിൽ(22), മൺറോ(4),നിക്കോൾസ്(15*) എന്നിവരും ബാറ്റ് ചെയ്തു. 6 ഓവർ എറിഞ്ഞ് 33 റൺസ് നൽകി 4 വിക്കറ്റെടുത്ത ട്രെന്റ് ബോൾട്ടാണ് ഇന്ത്യൻ ബാറ്റിംഗ് നിരയുടെ നടുവൊടിച്ചത്. ജഡേജയും പാണ്ഡ്യയും മാത്രമാണ് ഇന്ത്യൻ നിരയിൽ പിടിച്ചു നിന്നത്. ആദ്യം ബാറ്റിംഗിനിറങ്ങാനുള്ള ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കൊഹ്ലിയുടെ തീരുമാനം പാളുന്ന കാഴ്ചയാണ് ആദ്യ ഓവറുകളിൽ തന്നെ കണ്ടത്.

ട്രെന്റ് ബോൾട്ട് ‘തണ്ടർ ബോൾട്ടായി’ മാറിയപ്പോൾ ഇന്ത്യയുടെ രോഹിതും(2) ശിഖർ ധവാനും(2) വീണു. പിന്നീട് കൊഹ്ലി ഇന്ത്യൻ ഇന്നിംഗ്സ് കെട്ടിപ്പടുക്കാൻ ശ്രമിച്ചെങ്കിലും വിഫലമായി. രാഹുലും കാർത്തികും ഭുവനേശ്വർ കുമാറും രണ്ടക്കം കാണാതെ മടങ്ങി. ജഡേജയും(54) ഹാർദിക് പാണ്ഡ്യയും (34) ന്യൂസിലൻഡ്നെതിരെ പിടിച്ചു നിന്നു.