2019 ലോകകപ്പ് ഞങ്ങളുടെ കൈപ്പിടിയില്‍ നിന്ന് വഴുതിയ ലോകകപ്പായി അറിയപ്പെടും

Sports Correspondent

2019 ലോകകപ്പ് തങ്ങളുടെ കൈപ്പിടിയില്‍ നിന്ന് വഴുതിയപ്പോയ ലോകകപ്പായി ചരിത്രത്തില്‍ രേഖപ്പെടുത്തുമെന്ന് പറഞ്ഞ് ന്യൂസിലാണ്ടിന്റെ മുഖ്യ കോച്ച് ഗാരി സ്റ്റെഡ്. ഒരു റണ്‍സിനാണ് കിരീടമെന്ന സ്വപ്നം തങ്ങള്‍ക്ക് കൈവിട്ടത്. 100 ഓവറുകള്‍ കളിച്ച് ശേഷം ഇരു ടീമുകളും ഒരു പോലെ സമാനമായി നിന്നിട്ട് അവസാന സന്തോഷം നേടുവാന്‍ കഴിയാതെ പോകുന്നത് എന്നും വലിയ പ്രയാസകരമായ കാര്യം തന്നെയാണ്. ആദ്യം വിക്കറ്റുകളുമായി മേല്‍ക്കൈ നേടുവാന്‍ ടീമിനു സാധിച്ചുവെങ്കിലും സ്റ്റോക്സും ബട്‍ലറും കീഴടങ്ങുവാന്‍ തയ്യാറായിരുന്നില്ല എന്ന് സ്റ്റെഡ് പറഞ്ഞു.

അവസാന കടമ്പ കടക്കുവാനായിരുന്നുവെങ്കില്‍ മിക്ചച അനുഭവം ആയേനെ എന്നാലും ടീം പൊരുതിയാണ് മടങ്ങിയതെന്നതില്‍ അഭിമാനമുണ്ട്. ഫൈനലിലും സെമി ഫൈനലിലും ന്യൂസിലാണ്ട് വേറെ നിലയിലുള്ള പ്രകടനമാണ് പുറത്തെടുത്തത്. തങ്ങളുടെ കൈവശമല്ലാത്ത കാര്യങ്ങളെക്കുറിച്ച് തനിക്ക് ഒന്നും പറയാനില്ലെന്നും സ്റ്റെഡ് പറഞ്ഞു. ലോകകപ്പ് ഫൈനലിലെ കിരീട ജേതാക്കളെ തീരുമാനിക്കുന്നത് ബൗണ്ടറി നോക്കിയാണെന്നത് ഈ നിയമം എഴുതുമ്പോള്‍ ആരും ചിന്തിച്ച് കാണില്ല, അതിനാല്‍ തന്നെ ആ രീതി ശരിയായോ ഇല്ലയോ എന്നത് ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നതില്‍ കാര്യമില്ല.

ഇതിലും വലിയ തെറ്റായി തനിക്ക് തോന്നുന്നത് ഒരു 50 ഓവര്‍ ടൂര്‍ണ്ണമെന്റിന്റെ ജേതാക്കളെ ഒരു ഓവറിലെ പ്രകടനം വെച്ച് വിലയിരുത്തുന്നതാണെന്ന് സ്റ്റെഡ് പറഞ്ഞു. അത് പോലെ തന്നെ സ്റ്റോക്സിന്റെ ആ ഓവര്‍ ത്രോ അഞ്ച് റണ്‍സാണോ ആറ് റണ്‍സാണോ നല്‍കേണ്ടതെന്നും തനിക്ക് അറിയില്ല. അമ്പയര്‍മാരാണ് നിയമപാലകര്‍, അവരാണ് അവസാന വാക്കിനുടമ. തെറ്റുകള്‍ സംഭവിക്കുക ഓരോ കായിക ഇനത്തിലും സര്‍വ്വ സാധാരണമാണെന്നും ന്യൂസിലാണ്ട് കോച്ച് അഭിപ്രായപ്പെട്ടു.