ടി20 ബ്ലാസ്റ്റിലേക്ക് ഫകര്‍ സമന്‍

ടി20 ബ്ലാസ്റ്റിലേക്ക് കളിക്കുവാനായി പാക് താരം ഫകര്‍ സമന്‍ എത്തുന്നു. ഗ്ലാമോര്‍ഗന്റെ വിദേശ താരങ്ങളില്‍ ഒരാളായാവും താരം വൈറ്റാലിറ്റി ടി20 ബ്ലാസ്റ്റിലേക്ക് എത്തുന്നത്. സീസണിന്റെ ആദ്യ പകുതിയില്‍ മിച്ചല്‍ മാര്‍ഷ് ആഷസിന് വേണ്ടി പോകുമ്പോളാണ് താരം ഇംഗ്ലീഷ് കൗണ്ടിയ്ക്ക് വേണ്ടി ടി20 കളിക്കുവാനെത്തുക. ഷോണ്‍ മാര്‍ഷിന്റെ പരിക്കാണ് ഫകര്‍ സമന്റെ അവസരമായി മാറിയത്. ലോകകപ്പിനിടെ പരിക്കേറ്റ് മാര്‍ഷ് ഓസ്ട്രേലിയന്‍ ടീമില്‍ നിന്ന് പുറത്ത് പോയിരുന്നു. എന്നാല്‍ ഷോണ്‍ മാര്‍ഷ് അവസാന ആറ് മത്സരങ്ങള്‍ക്കായി ടീമിന് വേണ്ടി കളിക്കാനെത്തുമെന്നാണ് ഗ്ലാമോര്‍ഗന്‍ വിലയിരുത്തുന്നത്.

പാക് താരം ഫകര്‍ സമന് എന്നാല്‍ മോശം ലോകകപ്പാണ് കഴിഞ്ഞ് പോയത്. 186 റണ്‍സ് മാത്രമാണ് പാക്കിസ്ഥാന് വേണ്ടി താരം നേടിയത്. തനിക്ക് ഗ്ലാമോര്‍ഗന് വേണ്ടി ലഭിച്ച അവസരത്തില്‍ വലിയ സന്തോഷമാണുള്ളതെന്നും കാര്‍ഡിഫില്‍ കളിച്ചതിന്റെ മധുര ഓര്‍മ്മകള്‍ തന്റെ ഒപ്പം എന്നുമുണ്ടെന്ന് സമന്‍ പറഞ്ഞു. പാക്കിസ്ഥാന്റെ ചാമ്പ്യന്‍സ് ട്രോഫി വിജയത്തില്‍ സെമി ഫൈനല്‍ മത്സരം കാര്‍ഡിഫിലാണ് നടന്നത്.

ജൂലൈ 18ന് സോമര്‍സെറ്റുമായാണ് ഗ്ലാമോര്‍ഗന്റെ ആദ്യ മത്സരം.