22 പന്തില്‍ അര്‍ദ്ധ ശതകം നേടി സോഫി ഡിവൈന്‍, ജയത്തോടെ ന്യൂസിലാണ്ടിനു മടക്കം

Sports Correspondent

വനിത ലോക ടി20യുടെ സെമിയില്‍ കടക്കാനായില്ലെങ്കിലും തങ്ങളുടെ ആധികാരികത ഉറപ്പാക്കുന്ന ജയത്തോടെ ന്യൂസിലാണ്ടിനു മടക്കം. അവസാന മത്സരത്തില്‍ അയര്‍ലണ്ടിനെതിരെ ആധികാരിക ജയം ഉറപ്പാക്കിയാണ് ന്യൂസിലാണ്ട് ടൂര്‍ണ്ണമെന്റ് അവസാനിപ്പിക്കുന്നത്. ആദ്യം ബാറ്റ് ചെയ്ത അയര്‍ലണ്ടിനെ 79/9 എന്ന നിലയില്‍ പിടിച്ചുകെട്ടിയ ശേഷം 7.3 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം ന്യൂസിലാണ്ട് സ്വന്തമാക്കി.

22 പന്തില്‍ നിന്ന് 7 ബൗണ്ടറിയും 3 സിക്സും സഹിതം 51 റണ്‍സ് നേടിയ സോഫി ഡിവൈന്റെ വെടിക്കെട്ട് പ്രകടനമാണ് ന്യൂസിലാണ്ടിനെ വിജയത്തിലേക്ക് നയിച്ചത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത അയര്‍ലണ്ടിനായി ഗാബി ലൂയിസ് 39 റണ്‍സ് നേടി ടോപ് സ്കോറര്‍ ആയി. ന്യൂസിലാണ്ടിനായി ലെയ്ഗ കാസ്പെറെക് മൂന്നും ലിയ തഹാഹു അമേലിയ കെര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.