വനിത ടി20 ചലഞ്ചിൽ ഇന്നത്തെ മത്സരത്തിൽ കിരൺ നാവ്ഗിരേയുടെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തിൽ ഫൈനലില്‍ കടന്ന് വെലോസിറ്റി. ഇന്നത്തെ മത്സരത്തിൽ വിജയം നേടുവാന്‍ വെലോസിറ്റിയ്ക്ക് സാധിച്ചില്ലെങ്കിലും 158 റൺസ് മറികടന്നതോടെ മികച്ച റൺ റേറ്റിന്റെ ബലത്തിൽ ഫൈനലിലേക്ക് ടീം യോഗ്യത നേടി.
ഗ്രൂപ്പ് ഘട്ടത്തിൽ മൂന്ന് ടീമുകളും ഓരോ ജയം നേടിയെങ്കിലും റൺ റേറ്റാണ് ട്രെയിൽബ്ലേസേഴ്സിന് വിനയായത്. 190 റൺസ് ചേസ് ചെയ്തിറങ്ങിയ ടീമിന് 9 വിക്കറ്റ് നഷ്ടത്തിൽ 174 റൺസ് നേടാനായുള്ളു. വനിത ടി20 ചലഞ്ച് ചരിത്രത്തിലെ തന്നെ ഏറ്റവും വേഗതയേറിയ അര്‍ദ്ധ ശതകം നേടിയ കിരൺ നാവ്ഗിരേ 34 പന്തിൽ 69 റൺസ് നേടിയാണ് വെലോസിറ്റിയ്ക്കായി തിളങ്ങിയത്.
ഷഫാലി വര്‍മ്മ 29 റൺസ് നേടിയപ്പോള്‍ യാസ്ടിക ഭാട്ടിയ(19), ലോറ വോള്‍വാര്‍ഡട്(17) എന്നിവരാണ് മറ്റ് പ്രധാന സ്കോറര്‍മാര്‍. 16 റൺസ് ജയം നേടിയെങ്കിലും ആദ്യ മത്സരത്തിൽ സൂപ്പര്‍നോവാസിനോടേറ്റ കനത്ത പരാജയം ആണ് ട്രെയിൽബ്ലേസേഴ്സിന് വിനയായത്.