ഒരു വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം കളിക്കളത്തില്‍ ഇറങ്ങിയതാണ് ഇന്ത്യയ്ക്ക് ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ആദ്യ മത്സരത്തില്‍ തിരിച്ചടിയായതെന്ന് പറഞ്ഞ് ഓപ്പണര്‍ സ്മൃതി മന്ഥാന. എന്നാല്‍ രണ്ടാം മത്സരത്തില്‍ തന്നെ ടീം മികച്ച ഒത്തിണക്കത്തോടെ ബാറ്റ് ചെയ്ത് കാര്യങ്ങള്‍ ശരിയാക്കിയെന്നും സ്മൃതി മന്ഥാന വ്യക്തമാക്കി.
രണ്ടാം മത്സരത്തില്‍ 64 പന്തില്‍ നിന്ന് 80 റണ്‍സുമായി സ്മൃതിയും പൂനം റൗത്തുമാണ് ഇന്ത്യയുടെ വിജയം എളുപ്പമാക്കിയത്. ബൗളര്‍മാര്‍ 41 ഓവറില്‍ ദക്ഷിണാഫ്രിക്കയെ 157 റണ്‍സിന് എറിഞ്ഞ് പിടിച്ചതാണ് ഇന്ത്യയുടെ വിജയത്തിന് അടിത്തറ. വരുന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ സാധ്യതകള്‍ ബൗളിംഗ് യൂണിറ്റിന്റെ സ്ഥിരതയാര്‍ന്ന പ്രകടനത്തെ ആശ്രയിച്ചിരിക്കുമെന്നും സ്മൃതി വ്യക്തമാക്കി.
ഫീല്‍ഡിംഗ്, വിക്കറ്റുകള്‍ക്കിടയിലെ ഓട്ടം, ഫിറ്റ്നെസ്സ് എന്നീ മേഖലകളില്‍ ഇന്ത്യ മെച്ചപ്പെടുവാനുണ്ടെന്നും സ്മൃതി പറഞ്ഞു. 2017 ലോകകപ്പിന് ശേഷം തങ്ങള്‍ ഫിറ്റ്നെസ്സിലും ഫീല്‍ഡിംഗിലും വളരെ ഏറെ ശ്രദ്ധ ചെലുത്തുന്നുണ്ടെന്നും ഇന്ത്യയുടെ ഓപ്പണര്‍ വ്യക്തമാക്കി.