ഇംഗ്ലണ്ടിനെതിരെ ഏക ടെസ്റ്റ് മത്സരം സമനിലയില്‍ അവസാനിച്ചതോടെ ആഷസ് വനിത പരമ്പര വിജയിക്കുവാന്‍ അനായാസം ഓസ്ട്രേലിയയ്ക്കായെങ്കിലും മത്സരത്തില്‍ രണ്ടാം ഇന്നിംഗ്സില്‍ ഓസ്ട്രേലിയയുടെ ഭാഗത്ത് നിന്ന് ഒരു ഫോളോ ഓണ്‍ ഉണ്ടായേക്കുമെന്ന് ഏവരും പ്രതീക്ഷിച്ചുവെങ്കിലും അതുണ്ടായില്ല. ഇംഗ്ലണ്ട് ഫോളോ ഓണ്‍ സ്കോര്‍ മറികടന്നയുടനെ തങ്ങളുടെ ഇന്നിംഗ്സ് 271 റണ്‍സില്‍ ഡിക്ലയര്‍ ചെയ്തപ്പോള്‍ 145 റണ്‍സോളം ലീഡായിരുന്നു ഓസ്ട്രേലിയയുടെ കൈയ്യില്‍.
41 ഓവര്‍ അവശേഷിക്കെ 280 റണ്‍സ് ലീഡ് കൈവശപ്പെടുത്തിയെങ്കിലും ഓസ്ട്രേലിയ ഡിക്ലറേഷന്‍ മുതിരാതെ 64 ഓവറില്‍ നിന്ന് തങ്ങളുടെ സ്കോര്‍ 230/7 എന്ന നിലയിലേക്ക് എത്തിച്ചപ്പോളേക്കും മത്സരം സമനിലയില്‍ അവസാനിക്കുകയായിരുന്നു.
എന്നാല്‍ തങ്ങള്‍ എന്ത് കൊണ്ട് ഡിക്ലയര്‍ ചെയ്യുവാന്‍ ശ്രമിച്ചില്ലെന്നതിനുള്ള വിശദീകരണവുമായി ഓസ്ട്രേലിയന്‍ നായിക മെഗ് ലാന്നിംഗ് രംഗത്തെത്തുകയായിരുന്നു. ഡിക്ലറേഷനെക്കുറിച്ച് തങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നുവെങ്കിലും അധികം ഓവറുകളില്ലാത്തതും വിക്കറ്റുകള്‍ മുഴുവന്‍ വീഴ്ത്താനാകില്ലെന്നതും ടീമിനെ ഈ തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിക്കുകയായിരുന്നു. പിച്ച് ഞങ്ങള്‍ വിചാരിച്ച പോലെ ബൗളിംഗ് അനുകൂലമായി മാറുകയും ചെയ്തിരുന്നില്ല. അതിനാല്‍ തന്നെ ബൗള്‍ ചെയ്യുന്നതില്‍ നിന്ന് മത്സരത്തില്‍ ഒരു ഫലം ആരും തന്നെ പ്രതീക്ഷിച്ചിരുന്നില്ലെന്നും മെഗ് ലാന്നിംഗ് പറഞ്ഞു.
മത്സരം വിജയിക്കുവാന്‍ തന്നെയാണ് ഓസ്ട്രേലിയ ശ്രമിച്ചതെന്നും എന്നാല്‍ അതിന് ആവശ്യമായ സമയം ഇല്ലെന്നാണ് പിന്നീട് ടീം വിലയിരുത്തിയതെന്നും ഓസീസ് നായിക പറഞ്ഞു.