ബ്രിസ്റ്റോളിൽ അവസാന ദിവസത്തെ രണ്ടാം സെഷന് അവസാനിക്കുമ്പോള്‍ മത്സരം സമനിലയിലവസാനിപ്പിക്കാനായി ഇന്ത്യ പൊരുതുന്നു. ലഞ്ചിന് ശേഷം ഇന്ത്യന്‍ ടോപ് ഓര്‍ഡര്‍ പതിവു പോലെ തകരുന്നതാണ് കണ്ടത്. 171/3 എന്ന നിലയിൽ നിന്ന് ഇന്ത്യ 199/7 എന്ന നിലയിലേക്ക് വീഴുന്ന കാഴ്ചയാണ് രണ്ടാം സെഷനിൽ കണ്ടത്.
2 വിക്കറ്റ് മാത്രം അവശേഷിക്കെ ഇന്ത്യയുടെ പക്കൽ 78 റൺസിന്റെ ലീഡ് മാത്രമാണ് കൈവശമുള്ളത്. മൂന്നാം സെഷനിൽ എത്ര ഓവറുകള്‍ ഇന്ത്യയ്ക്ക് തള്ളി നീക്കാനാകുമെന്നതിനെ ആശ്രയിച്ചായിരിക്കും മത്സരത്തിൽ ഇന്ത്യയ്ക്ക് അനുകൂലമായി വിധി. രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യ 243/8 എന്ന നിലയിലാണ്. 27 റൺസുമായി സ്നേഹ് റാണയും 3 റൺസ് നേടി താനിയ ഭാട്ടിയയുമാണ് ക്രീസിലുള്ളത്.
199/7 എന്ന നിലയിലേക്ക് വീണ ഇന്ത്യയയെ സ്നേഹ് – ശിഖ പാണ്ടേ കൂട്ടുകെട്ട് 41 റൺസ് കൂട്ടിചേര്‍ത്ത് മുന്നോട്ട് നയിച്ചുവെങ്കിലും 18 റൺസ് നേടിയ ശിഖയെ വീഴ്ത്തി നത്താലി സ്കിവര്‍ കൂട്ടുകെട്ട് തകര്‍ക്കുകയായിരുന്നു.
ഇംഗ്ലണ്ടിന് വേണ്ടി സോഫി എക്ലെസ്റ്റോൺ നാല് വിക്കറ്റ് നേടി. നത്താലിയ്ക്ക് രണ്ട് വിക്കറ്റ് ലഭിച്ചു. ഷഫാലി വര്‍മ്മ(63), ദീപ്തി ശര്‍മ്മ(54), പൂനം റൗത്ത്(39) എന്നിവരാണ് ഇന്ത്യയുടെ പ്രധാന സ്കോറര്‍മാര്‍.