ന്യൂസിലാണ്ടിനെതിരെയുള്ള ആദ്യ ടി20 മത്സരത്തില്‍ പരാജയം. ഒരു വിക്കറ്റ് നഷ്ടത്തില്‍ 102 റണ്‍സ് എന്ന ശക്തമായ നിലയില്‍ നിന്ന് ഇന്നിംഗ്സിന്റെ രണ്ടാം പകുതിയില്‍ വിക്കറ്റുകള്‍ തുടരെ നഷ്ടമായപ്പോള്‍ ഇന്ത്യയുടെ റണ്ണൊഴുക്ക് നഷ്ടമാവുകയും ഇന്ത്യ 23 റണ്‍സ് തോല്‍വിയിലേക്ക് വീഴുകയുമായിരുന്നു. 160 റണ്‍സ് വിജയം തേടിയിറങ്ങിയ ഇന്ത്യയ്ക്ക് പ്രിയ പൂനിയയെ തുടക്കത്തില്‍ നഷ്ടമായെങ്കിലും സ്മൃതി മന്ഥാന-ജെമീമ റോഡ്രിഗസ് കൂട്ടുകെട്ട് 98 റണ്‍സാണ് രണ്ടാം വിക്കറ്റില്‍ നേടിയത്.
തന്റെ ഏറ്റവും വേഗതയേറിയ ടി20 അര്‍ദ്ധ ശതകം തികച്ച ശേഷം പുറത്തായ സ്മൃതിയ്ക്ക്(58) തൊട്ടുപിന്നാലെ ജെമീമയും(39) പുറത്തായതോടെ ഇന്ത്യയുടെ നില പരുങ്ങലിലായി. ലിയ തഹാഹുവും അമേലിയ കെറും ഇന്ത്യയെ വരിഞ്ഞു മുറുക്കി വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ക്യാപ്റ്റന്‍ ഹര്‍മ്മന്‍പ്രീത് കൗര്‍ പൊരുതി നോക്കി. 17 റണ്‍സ് നേടി താരവും പുറത്തായതോടെ ഇന്ത്യയുടെ പ്രതീക്ഷകള്‍ അസ്തമിക്കുകയായിരുന്നു. 19.1 ഓവറില്‍ ഇന്ത്യ 136 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു . ലിയ തഹുഹു മൂന്ന് വിക്കറ്റും അമേലിയ കെര്‍ രണ്ട് വിക്കറ്റുമാണ് നേടിയത്. ലെയ്ഗ് കാസ്പെറെക്കിനു രണ്ട് വിക്കറ്റ് ലഭിച്ചു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ടിനു വേണ്ടി സോഫി ഡിവൈന്‍ 62 റണ്‍സ് നേടിയപ്പോള്‍ ആമി സാറ്റെര്ത്വൈറ്റ്(33), കേറ്റി മാര്ട്ടിന്(27*) എന്നിവരും തിളങ്ങി. 4 വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സാണ് ന്യൂസിലാണ്ട് നേടിയത്.