ഐസിസി വനിത ഏകദിന ലോകകപ്പ് ഫൈനലില്‍ കടന്ന് ഇന്ത്യ. ജെമീമ റോഡ്രിഗസിന്റെ തകര്‍പ്പന്‍ ശതകത്തിനൊപ്പം ക്യാപ്റ്റന്‍ ഹര്‍മ്മന്‍പ്രീത് കൗറും തിളങ്ങിയ മത്സരത്തിൽ ഇന്ത്യ ഓസ്ട്രേലിയയ്ക്കെതിരെ 48.3 ഓവറിലാണ് 5 വിക്കറ്റ് വിജയം കരസ്ഥമാക്കിയത്.

339 റൺസെന്ന കൂറ്റന്‍ സ്കോര്‍ തേടി ഇറങ്ങിയ ഇന്ത്യയ്ക്ക് രണ്ടാം ഓവറിൽ ഷഫാലിയെയും പത്തോവറിനുള്ളിൽ സ്മൃതി മന്ഥാനയെയും നഷ്ടമായി. 59/2 എന്ന നിലയിലായിരുന്ന ഇന്ത്യയെ പിന്നീട് മുന്നോട്ട് നയിച്ചത് ജമീമ റോഡ്രിഗസ് – ഹര്‍മ്മന്‍പ്രീത് കൗര്‍ കൂട്ടുകെട്ടായിരുന്നു. മൂന്നാം വിക്കറ്റിൽ ഈ കൂട്ടുകെട്ട് 147 റൺസ് കൂട്ടിചേര്‍ത്തപ്പോള്‍ ഇന്ത്യ അനായാസ വിജയത്തിലേക്ക് കുതിയ്ക്കുമെന്ന് കരുതി.
എന്നാൽ 89 റൺസ് നേടിയ ഹര്‍മ്മന്‍പ്രീത് കൗറിനെ നഷ്ടമായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. അന്നബെൽ സത്തര്‍ലാണ്ട് ആ കൂട്ടുകെട്ട് തകര്‍ത്തപ്പോള്‍ ദീപ്തി ശര്‍മ്മയെയും (24) ഇന്ത്യയ്ക്ക് നഷ്ടമായി.
ദീപ്തി പുറത്തായ ശേഷം ക്രീസിലെത്തിയ റിച്ച ഘോഷ് മികച്ച ബാറ്റിംഗ് പുറത്തെടുത്തപ്പോള്‍ അഞ്ചാം വിക്കറ്റിൽ ഈ കൂട്ടുകെട്ട് 46 റൺസ് വേഗത്തിൽ നേടി. 45ാം ഓവറിൽ കൂറ്റനടികളുമായി റിച്ച ഘോഷ് കളം നിറഞ്ഞപ്പോള്‍ അവസാന അഞ്ചോവറിൽ ഇന്ത്യയുടെ വിജയ ലക്ഷ്യം 34 റൺസായി മാറി.

16 പന്തിൽ 26 റൺസ് നേടിയ റിച്ചയെയും അന്നബെൽ ആണ് പുറത്താക്കിയത്. എന്നാൽ 134 പന്തിൽ 127 റൺസുമായി പുറത്താകാതെ നിന്ന് ജെമീമയും 8 പന്തിൽ 15 റൺസ് നേടി അമന്‍ജോത് കൗറും ഇന്ത്യയ്ക്ക് ഫൈനലില്‍ സ്ഥാനം നേടിക്കൊടുത്തു. ഫൈനലിൽ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികള്‍.














