അമന്‍ജോത് കൗര്‍ സോഫി മോളിനക്സിനെ ബൗണ്ടറി പായിച്ചപ്പോള്‍
ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ റൺ ചേസ് ആണ് ഇന്ത്യ പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ പതിനഞ്ച് മത്സരങ്ങള്‍ വിജയിച്ചെത്തിയ ഓസ്ട്രേലിയ നൽകിയ കൂറ്റന്‍ സ്കോര്‍ ഇന്ത്യ പിന്തുടര്ന്ന് മറികടന്നപ്പോള്‍ മുന്‍ ലോക ചാമ്പ്യന്മാര് മാത്രമായി ഇനി ഓസ്ട്രേലിയ കുറച്ച് കാലം അറിയപ്പെടും.

339 റൺസെന്നത് ഏവരും അപ്രാപ്യമെന്ന് കരുതിയ സ്കോര്‍ തന്നെയാണ്. ജെമീമയുടെ അപരാജിത ഇന്നിംഗ്സിനൊപ്പം ക്യാപ്റ്റന്‍ ഹര്‍മ്മന്‍പ്രീത് കൗര്‍ കളം നിറഞ്ഞാടിയപ്പോള്‍ ഇന്ത്യയ്ക്ക് തന്നെയായിരുന്നു മേൽക്കൈ. എന്നാൽ ഓസ്ട്രേലിയയെ ഒരിക്കലും എഴുതിത്തള്ളാനാകില്ലായിരുന്നു.
ഗ്രൂപ്പ് സ്റ്റേജിൽ ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, ഇംഗ്ലണ്ട് എന്നിവരോട് പരാജയപ്പെട്ട ശേഷമാണ് ഇന്ത്യ സെമി ഫൈനലില്‍ യോഗ്യത നേടിയത്. മോശം ഫീൽഡിംഗും ക്യാച്ച് കൈവിട്ടതും ടീമിന് സെമിയിൽതിരിച്ചടിയായപ്പോള്‍ ഓസ്ട്രേലിയ നേടിയ വലിയ സ്കോര്‍ ഇന്ത്യ മറികടക്കുമെന്ന് ആരും കരുതിയില്ല.

എന്നാൽ കൃത്യമായ ഇടവേളകളിൽ ബൗണ്ടറികള്‍ കണ്ടെത്തി ഇന്ത്യ തങ്ങളുടെ കന്നി കിരീടത്തിലേക്കുള്ള പ്രയാണത്തിന് സഹായകരമാകുന്ന ഒരു റൺ ചേസ് ആണ് ഇന്നലെ നെയ്തെടുത്തത്.
സെമി ഫൈനൽ പോലുള്ള അതിസമ്മര്‍ദ്ദ മത്സരത്തിലാണ് ഇന്ത്യ ഈ ചേസ് നടത്തിയത് എന്നത് ഈ റൺ ചേസിന്റെ പ്രത്യേകതയുയര്‍ത്തുന്നു. ഫൈനലില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യ ഏറ്റുമുട്ടുമ്പോള്‍ വിജയിക്കുന്നത് ആരായാലും പുതിയ ഒരു കിരീടാവകാശികളാണ് ഉയര്‍ന്ന് വരുന്നത്.
 
					













