ഡാനിയേല്‍ വയട്ടിന്റെ അര്‍ദ്ധ ശതകത്തിലൂടെ പരമ്പര വിജയത്തിലേക്ക് നീങ്ങി ഇംഗ്ലണ്ട്

Sports Correspondent

ഒരറ്റത്ത് വിക്കറ്റുകള്‍ വീണുകൊണ്ടിരുന്നപ്പോളും പതറാതെ ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ച് ഡാനിയേല്‍ വയട്ട്. ഒപ്പം അഞ്ചാം വിക്കറ്റില്‍ ലോറന്‍ വിന്‍ഫീല്‍ഡും കളം നിറഞ്ഞപ്പോള്‍ ഇംഗ്ലണ്ടിനു രണ്ടാം ടി20യില്‍ അഞ്ച് വിക്കറ്റ് വിജയവും പരമ്പരയും സ്വന്തം. 112 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 56/4 എന്ന നിലയിലേക്ക് വീണുവെങ്കിലും ഇന്ത്യയുടെ പ്രതീക്ഷകള്‍ക്ക് തടയിട്ടത് വയട്ട്-വിന്‍ഫീല്‍ഡ് കൂട്ടുകെട്ടായിരുന്നു.

ഏക്ത ഭിഷ്ടിനു മുന്നില്‍ ഇംഗ്ലണ്ട് തകര്‍ന്നുവെങ്കിലും അഞ്ചാം വിക്കറ്റില്‍ നേടിയ 47 റണ്‍സ് ഇംഗ്ലണ്ടിനു നിര്‍ണ്ണായകമായി മാറി. ഡാനിയേല്‍ വയട്ട് 64 റണ്‍സും ലോറന്‍ വിന്‍ഫീല്‍ഡ് 29 റണ്‍സും നേടിയാണ് ഇംഗ്ലണ്ടിന്റെ വിജയശില്പികളായി മാറിയത്. ചെറിയ സ്കോറാണെങ്കില്‍ ഇന്ത്യന്‍ ബൗളിംഗ് നിര ഇംഗ്ലണ്ടിനെ അവസാന ഓവറില്‍ മാത്രമാണ് വിജയം സ്വന്തമാക്കുവാന്‍ അനുവദിച്ചത്.