ഐ.സി.സിയുടെ ഏറ്റവും പുതിയ വനിതാ ടി20 ബാറ്റിംഗ് റാങ്കിങ്ങിൽ ഇന്ത്യൻ യുവതാരം ഷെഫാലി വർമ്മ മൂന്നാം സ്ഥാനത്ത്. കഴിഞ്ഞ റാങ്കിങ് സമയത്ത് ഷെഫാലി വർമ്മ ഒന്നാം സ്ഥാനത്ത് ആയിരുന്നു. അതെ സമയം ഓസ്ട്രേലിയൻ താരം ബെത് മൂണി ഒന്നാം സ്ഥാനത്ത് എത്തി. 762 റേറ്റിംഗ് പോയിന്റുമായാണ് മൂണി ഒന്നാം സ്ഥാനത്ത് എത്തിയത്. 750 റേറ്റിംഗ് പോയിന്റുമായി ന്യൂസിലാൻഡ് താരം സൂസി ബേറ്റ്സ് രണ്ടാം സ്ഥാനത്തും 744 റേറ്റിംഗ് പോയിന്റുമായി ഷെഫാലി വർമ്മ മൂന്നാം സ്ഥാനത്തുമാണ്.
ടി20 ലോകകപ്പിൽ പുറത്തെടുത്ത മികച്ച പ്രകടനമാണ് മൂണിയെ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് എത്തിച്ചത്. ലോകകപ്പിൽ 64 റൺസ് ആവറേജുമായി മൂണി 259 റൺസാണ് സ്വന്തമാക്കിയത്. ഒരു ടി20 ലോകകപ്പിൽ ഒരു താരം നേടുന്ന ഏറ്റവും കൂടുതൽ റൺസായിരുന്നു ഇത്. കൂടാതെ ടൂർണമെന്റിന്റെ താരവും ബെത് മൂണി തന്നെയായിരുന്നു. ആദ്യമായാണ് മൂണി റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് എത്തുന്നത്. നേരത്തെ ആറാം സ്ഥാനത്ത് ഉണ്ടായിരുന്ന ഇന്ത്യൻ താരം സ്മൃതി മന്ദനാ ഒരു സ്ഥാനം താഴോട്ട് ഇറങ്ങി ഏഴാം സ്ഥാനത്താണ്.