ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനം തോല്‍വിയോടെ, അനായാസ വിജയവുമായി ആതിഥേയര്‍

Sports Correspondent

ഇന്ത്യന്‍ വനിതകള്‍ക്കെതിരെ അനായാസകരമായ 9 വിക്കറ്റ് വിജയവുമായി ഓസ്ട്രേലിയ. ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ആദ്യം ബാറ്റ് ചെയ്ത് 225/8 എന്ന സ്കോറാണ് നേടിയത്. മിത്താലി രാജ്(61), യസ്തി ഭാട്ടിയ(35) എന്നിവരോടൊപ്പം പുറത്താകാതെ 32 റൺസ് നേടിയ റിച്ച ഘോഷ് ആണ് തിളങ്ങിയ മറ്റൊരു താരം. ഓസ്ട്രേലിയയ്ക്കായി ഡാര്‍സി ബ്രൗൺ നാല് വിക്കറ്റ് നേടി. സോഫി മോളിനക്സ്, ഡാര്‍ളിംഗ്ടൺ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

ഓസ്ട്രേലിയയുടെ ഓപ്പണിംഗ് കൂട്ടുകെട്ട് 126 റൺസ് നേടി നല്‍കിയ അടിത്തറയുടെ മേലെയാണ് ടീമിന്റെ 9 വിക്കറ്റ് വിജയം. 77 റൺസ് നേടിയ അലൈസ ഹീലിയെ ടീമിന് നഷ്ടമായെങ്കിലും റേച്ചൽ ഹെയിന്‍സും ക്യാപ്റ്റന്‍ മെഗ് ലാന്നിംഗും ചേര്‍ന്ന് ഓസ്ട്രേലിയയെ മുന്നോട്ട് നയിക്കുകയായിരുന്നു.

41 ഓവറിൽ ഓസ്ട്രേലിയ വിജയം കൈവരിക്കുമ്പോള്‍ രണ്ടാം വിക്കറ്റിൽ ലാന്നിംഗ് – ഹെയിന്‍സ് കൂട്ടുകെട്ട് 101 രൺസാണ് നേടിയത്. ഹെയിന്‍സ് 93 റൺസും മെഗ് ലാന്നിംഗ് 53 റൺസും നേടി പുറത്താകാതെ നില്‍ക്കുകയായിരുന്നു.