ഇന്ത്യയ്ക്കെതിരെ പാക്കിസ്ഥാന്‍ ലോകകപ്പില്‍ ജയിക്കുന്നത് കാണണം, തന്റെ ആഗ്രഹം തുറന്ന് പറഞ്ഞ് വഹാബ് റിയാസ്

Sports Correspondent

ഇന്ത്യയ്ക്കെതിരെ പാക്കിസ്ഥാന്‍ ആദ്യമായി ഒരു ലോകകപ്പ് മത്സരത്തില്‍ വിജയിക്കുന്നത് കാണണമെന്ന തന്റെ ആഗ്രഹം വ്യക്തമാക്കി വഹാബ് റിയാസ്. 2015 ലോകകപ്പില്‍ പാക്കിസ്ഥാനു വേണ്ടി ഓസ്ട്രേലിയയില്‍ മികച്ച പ്രകടനം നടത്തിയ താരമാണ് വഹാബ് റിയാസെങ്കിലും പാക്കിസ്ഥാന്റെ ഏകദിന ടീമില്‍ ഇപ്പോള്‍ താരമില്ല. എന്നാലും തന്റെ കൂട്ടുകാര്‍ ഇന്ത്യയെ കീഴടക്കുന്നത് കാണുവാന്‍ തനിക്ക് സാധിക്കുമെന്ന ശുഭാപ്തി വിശ്വാസമാണ് വഹാബ് പങ്കുവെച്ചത്.

ജൂണ്‍ 16നു മാഞ്ചസ്റ്ററിലാണ് 2019 ലോകകപ്പിലെ സൂപ്പര്‍ പോരാട്ടമായ ഇന്ത്യ-പാക് മത്സരം. വിരാട് കോഹ്‍ലിയെ മാത്രമല്ല മുഴുവന്‍ ഇന്ത്യന്‍ ടീമിനെയും വേണ്ടത്ര ഗൗരവത്തോടെ സമീപിച്ച് വേണം പാക്കിസ്ഥാന്‍ ആ മത്സരത്തിനു തയ്യാറെടുക്കേണ്ടതെന്നാണ് വഹാബ് പറയുന്നത്. കോഹ്‍ലി ഇല്ലാത്ത ഏഷ്യ കപ്പിലും ഇന്ത്യയോട് രണ്ട് തവണയാണ് പാക്കിസ്ഥാന്‍ പരാജയപ്പെട്ടത്.

2017 ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ പാക്കിസ്ഥാനു ആവര്‍ത്തിക്കാനാകുമെന്നാണ് താരം വിശ്വസിക്കുന്നത്. ഇതുവരെ ലോകകപ്പില്‍ കളിച്ച ആറ് മത്സരങ്ങളിലും ഇന്ത്യ തന്നെയാണ് പാക്കിസ്ഥാനെ കീഴടക്കിയിട്ടുള്ളത്.