ആവേശകരമായ മത്സരത്തിനൊടുവില്‍ അവസാന പന്തില്‍ 5 റണ്‍സ് വിജയത്തിനായി നേടേണ്ടിയിരുന്ന വിന്‍ഡീസിനു വേണ്ടി ബൗണ്ടറിയുമായി ഷായി ഹോപ് ടൈ പിടിച്ചെടുത്തു. കോഹ്‍ലിയുടെ സ്വപ്ന തുല്യമായ റെക്കോര്‍ഡ് ഇന്നിംഗ്സിനെ വെല്ലുന്ന പ്രകടനമാണ് ഹെറ്റ്മ്യറും ഷായി ഹോപും ചേര്‍ന്ന് ഇന്നത്തെ മത്സരത്തില്‍ പുറത്തെടുത്തത്. 322 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ വിന്‍ഡീസിനെ സമനില പിടിച്ചെടുക്കുവാന്‍ സഹായിച്ചത് ഹോപ്പും ഷിമ്രണ്‍ ഹെറ്റ്മ്യറും. ഹെറ്റ്മ്യറിനു ശതകം നേടാനായില്ലെങ്കിലും 64 പന്തില്‍ നിന്ന് 94 റണ്‍സ് നേടിയ യുവ താരത്തിന്റെ ഇന്നിംഗ്സാണ് വിജയത്തിനു തുല്യമായ സമനില പിടിച്ചെടുക്കുവാന്‍ വിന്‍ഡീസിനു സഹായകരമായത്. ഒപ്പം ഷായി ഹോപ്പും ബാറ്റ് വീശി ഇന്നിംഗ്സിന്റെ അവസാനം വരെ പൊരുതി നിന്നപ്പോള്‍ വിന്‍ഡീസ് പരമ്പരയില്‍ ഒപ്പമെത്താനായില്ലെങ്കിലും ഇന്ത്യയുടെ ലീഡ് ഒന്നാക്കി നിലനിര്‍ത്തുവാന്‍ സാധിച്ചു. വിരാട് കോഹ്‍ലിയാണ് കളിയിലെ താരം.
നാലാം വിക്കറ്റില്‍ ഇവരിരുവരും ചേര്‍ന്ന് നേടിയ 143 റണ്‍സ് കൂട്ടുകെട്ടാണ് വിന്‍ഡീസിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. 7 സിക്സും 4 ബൗണ്ടറിയും സഹിതം 94 റണ്‍സ് നേടിയ ഹെറ്റ്മ്യറിനെ ചഹാല്‍ പുറത്താക്കിയെങ്കിലും ഷായി ഹോപ് തന്റെ ശതകം പൂര്‍ത്തിയാക്കി വിന്‍ഡീസിനെ മുന്നോട്ട് നയിച്ചു. വിന്‍ഡീസ് അനായാസം ജയത്തിലേക്ക് നീങ്ങുമെന്ന സ്ഥിതിയില്‍ നായകന്‍ ജേസണ്‍ ഹോള്‍ഡറെ നഷ്ടമായത് ടീമിനെ പ്രതിസന്ധിയിലാക്കി.
2 ഓവറില്‍ 20 റണ്‍സായിരുന്നു വിന്‍ഡീസ് നേടേണ്ടിയിരുന്നത്. മുഹമ്മദ് ഷമി എറിഞ്ഞ 49ാം ഓവറില്‍ നിന്ന് വെറും 6 റണ്‍സ് മാത്രമേ വിന്‍ഡീസിനു നേടാനായുള്ളു. അവസാന ഓവറില്‍ 14 റണ്‍സ് ജയിക്കാന്‍ വേണ്ടിയിരുന്ന സന്ദര്‍ശകര്‍ക്ക് ഉമേഷ് യാദവ് എറിഞ്ഞ ഓവറില്‍ ആദ്യ മൂന്ന് പന്ത് അവസാനിക്കുമ്പോള്‍ വിന്‍ഡീസ് 7 റണ്‍സ് സ്വന്തമാക്കിയിരുന്നു.
എന്നാല്‍ നാലാം പന്തില്‍ ഉമേഷ് യാദവ് ആഷ്‍ലി നഴ്സിനെ പുറത്താക്കി ഇന്ത്യന്‍ ക്യാമ്പില്‍ ആശ്വാസം പരത്തി. അടുത്ത പന്തില്‍ രണ്ട് റണ്‍സ് നേടുവാന്‍ ഷായി ഹോപിനു സാധിച്ചപ്പോള്‍ ലക്ഷ്യം അവസാന പന്തില്‍ അഞ്ചായി മാറി. അവസാന പന്തില്‍ ബൗണ്ടറി നേടി ടൈ സ്വന്തമാക്കിയപ്പോള്‍ ഷായി ഹോപ് 123 റണ്‍സുമായി പുറത്താകാതെ നില്‍ക്കുകയായിരുന്നു.
ഇന്ത്യയ്ക്കായി കുല്‍ദീപ് യാദവ് മൂന്ന് വിക്കറ്റും മുഹമ്മദ് ഷമി, ഉമേഷ് യാദവ്, യൂസുവേന്ദ്ര ചഹാല്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.