CricketFeaturedT20 World Cup

അഞ്ചാം വിക്കറ്റിൽ 76 റൺസ്, ഇന്ത്യയ്ക്ക് മുന്നിൽ 196 റൺസ് ലക്ഷ്യം വെച്ച് വിന്‍ഡീസ്

Rovmanpowell

ജസ്പ്രീത് ബുംറയുടെ തകര്‍പ്പന്‍ ബൗളിംഗിലൂടെ ഇന്ത്യ തിരിച്ചുവരവ് നടത്തിയെന്ന് തോന്നിപ്പിച്ച നിമിഷത്തിൽ നിന്ന് 195/4 എന്ന മികച്ച സ്കോറിലേക്ക് കുതിച്ച് വെസ്റ്റിന്‍ഡീസ്. മികച്ച തുടക്കം നേടിയ ശേഷം 102/1 എന്ന നിലയിൽ നിന്ന് 119/4 എന്ന നിലയിലേക്ക് വിന്‍ഡീസ് കൂപ്പുകുത്തിയെങ്കിലും അഞ്ചാം വിക്കറ്റിൽ 76 റൺസ് നേടി റോവ്മന്‍ പവൽ – ജേസൺ ഹോള്‍ഡര്‍ കൂട്ടുകെട്ട് മികച്ച സ്കോറിലേക്ക് ടീമിനെ നയിച്ചു.

Jaspritbumrah

പവര്‍പ്ലേ അവസാനിക്കുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 45 റൺസ് നേടിയ വെസ്റ്റിന്‍ഡീസിന് ആദ്യ വിക്കറ്റ് നഷ്ടമാകുന്നത് സ്കോര്‍ ബോര്‍ഡിൽ 68 റൺസുള്ളപ്പോളാണ്. 33 പന്തിൽ 32 റൺസ് നേടിയ ഷായി ഹോപിനെ വരുൺ ചക്രവര്‍ത്തിയാണ് പുറത്താക്കിയത്.

പകരമെത്തിയ ഷിമ്രൺ ഹെറ്റ്മ്യറും റോസ്ടൺ ചേസും വേഗത്തിൽ ബാറ്റിംഗ് തുടര്‍ന്നപ്പോള്‍ പത്തോവറിൽ വെസ്റ്റിന്‍ഡീസ് 82 റൺസിലേക്ക് എത്തി. അപകടകാരിയായി മാറുകയായിരുന്ന ഷിമ്രൺ ഹെറ്റ്മ്യറിനെ പുറത്താക്കി ജസ്പ്രീത് ബുംറ ഇന്ത്യയ്ക്ക് രണ്ടാമത്തെ ബ്രേക്ക്ത്രൂ നൽകുകയായിരുന്നു. 12 പന്തിൽ 27 റൺസ് നേടിയ ഹെറ്റ്മ്യര്‍ രണ്ടാം വിക്കറ്റിൽ ചേസുമായി 15 പന്തിൽ 34 റൺസാണ് കൂട്ടിചേര്‍ത്തത്.

അതേ ഓവറിൽ തന്നെ 25 പന്തിൽ 40 റൺസ് നേടിയ റോസ്ടൺ ചേസിനെയും ജസ്പ്രീത് ബുംറ പുറത്താക്കി. ഇതോടെ 102/1 എന്ന നിലയിൽ നിന്ന് 103/3 എന്ന നിലയിലേക്ക് വിന്‍ഡീസ് വീണു. 14 റൺസ് നേടിയ റൊമാരിയോ ഷെപ്പേര്‍ഡിനെയും വിന്‍ഡീസിന് നഷ്ടമായപ്പോള്‍ ടീം 119/4 എന്ന നിലയിലേക്ക് വീണു. എന്നാൽ അഞ്ചാം വിക്കറ്റിൽ ഒത്തുകൂടിയ റോവ്മന്‍ പവലും ജേസൺ ഹോള്‍ഡറും മത്സരത്തില്‍ വിന്‍ഡീസിന്റെ ശക്തമായ തിരിച്ചുവരവ് സാധ്യമാക്കി.

ഇരുവരും ചേര്‍ന്ന് 35 പന്തിൽ നിന്ന് 76 റൺസ് നേടിയപ്പോള്‍ വിന്‍ഡീസ് 195 റൺസിലേക്ക് കുതിച്ചു. റോവ്മന്‍ പവൽ 19 പന്തിൽ 34 റൺസും ജേസൺ ഹോള്‍ഡര്‍ 22 പന്തിൽ 37 റൺസും നേടി പുറത്താകാതെ നിന്നു.