ദക്ഷിണാഫ്രിക്കയ്ക്ക് 5 വിക്കറ്റ് വിജയം

സൂപ്പര്‍ 8ല്‍ തങ്ങളുടെ മൂന്നാം മത്സരവും വിജയിച്ച് ദക്ഷിണാഫ്രിക്ക. ഇന്ന് സിംബാബ്‍വേയ്ക്കെതിരെ 5 വിക്കറ്റ് വിജയം നേടുമ്പോള്‍ സിംബാബ്‍വേ നിരയിൽ സിക്കന്ദര്‍ റാസ ഓള്‍റൗണ്ട് മികവിലൂടെ ഏവരുടെയും മനം കവരുകയാണ്. 154 റൺസ് വിജയ ലക്ഷ്യം 5 വിക്കറ്റ് നഷ്ടത്തിൽ 17.5 ഓവറിലാണ് ദക്ഷിണാഫ്രിക്ക നേടിയത്.
ക്വിന്റൺ ഡി കോക്കിനെയും എയ്ഡന്‍ മാര്‍ക്രത്തെയും പുറത്താക്കി സിക്കന്ദര്‍ റാസ ദക്ഷിണാഫ്രിക്കയ്ക്ക് കനത്ത പ്രഹരമേല്പിക്കുകയയാിരുന്നു. റയാന്‍ റിക്കൽട്ടൺ – ഡെവാള്‍ഡ് ബ്രെവിസ് കൂട്ടുകെട്ട് ആണ് ആദ്യത്തെ തകര്‍ച്ചയിൽ നിന്ന് ദക്ഷിണാഫ്രിക്കയെ കരകയറ്റിയത്.
31 റൺസ് നേടിയ റിക്കൽട്ടൺ പുറത്തായ ശേഷം മില്ലറുമൊത്ത് 50 റൺസ് കൂട്ടിചേര്‍ത്ത ബ്രെവിസ് ദക്ഷിണാഫ്രിക്കയെ മുന്നോട്ട് നയിച്ചു. 22 റൺസ് നേടിയ മില്ലറെ ബ്ലെസ്സിംഗ് മുസറബാനിയാണ് പുറത്താക്കിയത്.
അധികം വൈകാതെ 18 പന്തിൽ 42 റൺസ് നേടി ബ്രെവിസിനെ പുറത്താക്കി റാസ തന്റെ മൂന്നാം വിക്കറ്റ് നേടി. 101/5 എന്ന നിലയിലായിരുന്ന ദക്ഷിണാഫ്രിക്കയെ ട്രിസ്റ്റന്‍ സ്റ്റബ്സ് – ജോര്‍ജ്ജ് ലിന്‍ഡേ കൂട്ടുകെട്ട് വിജയത്തിലേക്ക് നയിക്കുകയായിരുന്നു. 53 റൺസാണ് ഈ കൂട്ടുകെട്ട് നേടിയത്. ലിന്‍ഡേ 30 റൺസും സ്റ്റബ്സ് 21 റൺസും നേടി ദക്ഷിണാഫ്രിക്കന്‍ വിജയം സാധ്യമാക്കി.

ആദ്യം ബാറ്റ് ചെയ്ത സിംബാബ്‍വേ 7 വിക്കറ്റ് നഷ്ടത്തിൽ 153 റൺസാണ് നേടിയത്. ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസ 43 പന്തിൽ 73 റൺസുമായി ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ 26 റൺസുമായി പുറത്താകാതെ നിന്ന ക്ലൈവ് മിറാന്‍ഡയാണ് ടീമിന്റെ രണ്ടാമത്തെ ടോപ് സ്കോറര്‍. ദക്ഷിണാഫ്രിക്കയ്ക്കായി കെവ്ന മഫാകയും കോര്‍ബിന്‍ ബോഷും രണ്ട് വീതം വിക്കറ്റ് നേടി.