ഇന്ത്യയ്ക്ക് സെമി, സഞ്ജു വക

ഐസിസി ടി20 ലോകകപ്പ് സെമിയിലേക്ക് ഇന്ത്യയെ നയിച്ച് സഞ്ജു സാംസൺ. വിന്‍ഡീസ് നൽകിയ 196 റൺസ് വിജയ ലക്ഷ്യം ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ 199 റൺസ് നേടി മറികടന്നപ്പോള്‍ സഞ്ജു സാംസൺ 50 പന്തിൽ നിന്ന് 97 റൺസാണ് നേടിയത്. 12 ഫോറും 4 സിക്സും അടങ്ങിയതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്സ്. 19.2 ഓവറിലാണ് ഇന്ത്യ തങ്ങളുടെ വിജയം കുറിച്ചത്.
അഭിഷേക് ശര്‍മ്മയെയും ഇഷാന്‍ കിഷനെയും പവര്‍പ്ലേയ്ക്കുള്ളിൽ തന്നെ നഷ്ടമായ ഇന്ത്യ ആറോവര്‍ പിന്നിടുമ്പോള്‍ 53/2 എന്ന നിലയിലായിരുന്നു. മികച്ച ശൈലിയിൽ ബാറ്റ് വീശിയ സഞ്ജുവിനൊപ്പം സൂര്യകുമാര്‍ യാദവും ചേര്‍ന്നപ്പോള്‍ ഇന്ത്യ 10 ഓവറിൽ 98/2 എന്ന നിലയിലായിരുന്നു.
എന്നാൽ 11ാം ഓവറിൽ ഷമാര്‍ ജോസഫ് സൂര്യകുമാര്‍ യാദവിനെ പുറത്താക്കിയപ്പോള്‍ ഇന്ത്യയ്ക്ക് തങ്ങളുടെ മൂന്നാം വിക്കറ്റ് നഷ്ടമായി. സഞ്ജു – സൂര്യ കൂട്ടുകെട്ട് 35 പന്തിൽ നിന്ന് 58 റൺസാണ് നേടിയത്. സ്കൈയുടെ സ്കോര്‍ 18 റൺസായിരുന്നു.

തിലക് വര്‍മ്മ ആദ്യം റൺസ് കണ്ടെത്തുവാന്‍ ബുദ്ധിമുട്ടിയെങ്കിലും ഷമാര്‍ ജോസഫ് എറിഞ്ഞ 13ാം ഓവറിൽ ഹാട്രിക്ക് ഫോറുകളുമായി താരവും റൺ വേട്ട നടത്തി. മത്സരം അവസാന ഏഴോവറിലേക്ക് കടന്നപ്പോള്‍ 75 റൺസായിരുന്നു ഇന്ത്യ നേടേണ്ടിയിരുന്നത്.
26 പന്തിൽ 42 റൺസിന്റെ ഈ നാലാം വിക്കറ്റ് കൂട്ടുകെട്ടിന് തിലക് വര്‍മ്മയെ പുറത്താക്കി ജേസൺ ഹോള്‍ഡര്‍ അവസാനം കുറിച്ചു. 15 പന്തിൽ 27 റൺസായിരുന്നു തിലക് വര്‍മ്മ നേടിയത്. സഞ്ജുവും ഹാര്‍ദ്ദിക്കും അധികം സമ്മര്‍ദ്ദം ഇല്ലാതെ ബാറ്റ് വീശിയപ്പോള്‍ മൂന്നോവറിൽ ഇന്ത്യയുടെ ലക്ഷ്യം 25 റൺസായി മാറി.
ലക്ഷ്യം 12 പന്തിൽ 17 ആയി മാറിയെങ്കിലും ഷമാര്‍ ജോസഫ് ഹാര്‍ദ്ദിക് പാണ്ഡ്യയെ പുറത്താക്കി ഇന്ത്യയ്ക്ക് തിരിച്ചടി നൽകി. അഞ്ചാം വിക്കറ്റിൽ ഹാര്‍ദ്ദിക്കും സഞ്ജുവും 22 പന്തിൽ നിന്ന് 38 റൺസാണ് നേടിയത്. 14 പന്തിൽ 17 റൺസായിരുന്നു ഹാര്‍ദ്ദിക്കിന്റെ സംഭാവന.
ഹാര്‍ദ്ദിക് പുറത്തായ ശേഷം ക്രീസിലെത്തിയ ശിവം ദുബേ രണ്ട് ബൗണ്ടറി നേടിയപ്പോള്‍ ഇന്ത്യയുടെ അവസാന ഓവറിലെ ലക്ഷ്യം 7 റൺസായി മാറി. അവസാന ഓവറിലെ ആദ്യ പന്തിൽ സിക്സര്‍ പായിച്ച് സഞ്ജു സ്കോറുകള്‍ ഒപ്പമെത്തിച്ചപ്പോള്‍ അടുത്ത പന്തിൽ ബൗണ്ടറി നേടി ഇന്ത്യയെ വിജയത്തിലേക്ക് സഞ്ജു നയിച്ചു.