ആദ്യ ഇന്നിംഗ്സില്‍ 131 റണ്‍സിന് പുറത്തായ വെസ്റ്റിന്‍ഡീസ് രണ്ടാം ഇന്നിംഗ്സില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തുവെങ്കിലും ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കുവാന്‍ ഇനിയും 85 റണ്‍സ് ടീം നേടേണ്ടതുണ്ട്. കൈവശമുള്ളത് വെറും 4 വിക്കറ്റ് മാത്രം. മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ 244/6 എന്ന നിലയിലാണ് ഫോളോ ഓണ്‍ ചെയ്യപ്പെട്ട വിന്‍ഡീസ് രണ്ടാം ഇന്നിംഗ്സില്‍ നിലകൊള്ളുന്നത്.
74 റണ്‍സ് കൂട്ടുകെട്ടുമായി ജേസണ്‍ ഹോള്‍ഡര്‍ – ജോഷ്വ ഡാ സില്‍വ കൂട്ടുകെട്ടാണ് വിന്‍ഡീസിന്റെ ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കുവാനുള്ള കടുപ്പമേറിയ ദൗത്യത്തിലേര്‍പ്പെട്ടിരിക്കുന്നത്. ജേസണ്‍ ഹോള്‍ഡര്‍ 60 റണ്‍സും ജോഷ്വ 25 റണ്‍സും നേടിയാണ് ക്രീസിലുള്ളത്.
ജോണ്‍ കാംപെല്‍(68), ഷമാര്‍ ബ്രൂക്ക്സ്(36), ക്രെയിഗ് ബ്രാത്‍വൈറ്റ്(24), ജെര്‍മൈന്‍ ബ്ലാക്ക്വുഡ്(20) എന്നിവരാണ് വിന്‍ഡീസ് നിരയിലെ മറ്റു പ്രധാന സ്കോറര്‍മാര്‍. ന്യൂസിലാണ്ടിന് വേണ്ടി ട്രെന്റ് ബോള്‍ട്ട് മൂന്നും കൈല്‍ ജാമിസണ്‍ രണ്ടും വിക്കറ്റാണ് നേടിയത്.
വെളിച്ചക്കുറവ് മൂലമാണ് മൂന്നാം ദിവസത്തെ മത്സരം നേരത്തെ അവസാനിപ്പിച്ചത്. നേരത്തെ ഒന്നാം ഇന്നിംഗ്സില്‍ 124/8 എന്ന നിലയില്‍ മൂന്നാം ദിവസം ബാറ്റിംഗ് പുനരാരംഭിച്ച വിന്‍ഡീസ് 7 റണ്‍സ് കൂടി നേടുന്നതിനിടയില്‍ ഓള്‍ഔട്ട് ആകുകയായിരുന്നു.
ഒന്നാം ഇന്നിംഗ്സില്‍ ന്യൂസിലാണ്ടിന് വേണ്ടി സൗത്തിയും ജാമിസണും അഞ്ച് വീതം വിക്കറ്റ് നേടി.