ആഷസ് വളരെ പ്രയാസമേറിയതായിരുന്നു, ടെസ്റ്റ് ടീമില്‍ വീണ്ടുമെത്തുവാനുള്ള ശ്രമങ്ങള്‍ തുടരും

Sports Correspondent

ലോകകപ്പ് വിജയത്തിന് ശേഷം ഇംഗ്ലണ്ട് ആഷസ് പരമ്പരയില്‍ ജേസണ്‍ റോയ്ക്ക് സ്ഥാനം നല്‍കിയെങ്കിലും താരത്തിന്റെ പ്രകടനം നിരാശാജനകമായിരുന്നു. ആദ്യത്തെ നാല് ടെസ്റ്റുകളില്‍ താരത്തിന് അവസരം നല്‍കിയ ഇംഗ്ലണ്ട് ഓവലിലെ അവസാന മത്സരത്തില്‍ റോയിയെ ഒഴിവാക്കി. ഈ നാല് മത്സരങ്ങളില്‍ നിന്ന് വെറും 110 റണ്‍സാണ് താരം നേടിയത്.

എന്നാല്‍ താന്‍ തന്റെ ടെസ്റ്റ് മോഹങ്ങള്‍‍ ഉപേക്ഷിച്ചിട്ടില്ലെന്ന് താരം പറഞ്ഞു. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ റണ്‍സ് കണ്ടെത്തുകും എന്നാല്‍ അതേ സംഭവം ടെസ്റ്റ് ക്രിക്കറ്റില്‍ ആവര്‍ത്തിക്കാന്‍ കഴിയാതിരുന്നതും വിഷമകരമായ അവസ്ഥയാണ്, കാരണം തനിക്ക് കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം ആകാമായിരുന്നുവെന്ന് താരം വ്യക്തമാക്കി. ഇനിയും അത് കഴിയുമെന്നാണ് വിശ്വസിക്കുന്നതെന്നും റോയ് വ്യക്തമാക്കി.

ക്രിക്കറ്റിന്റെ ഏറ്റവും മികച്ച ഫോര്‍മാറ്റ് ടെസ്റ്റ് ക്രിക്കറ്റ് ആണ്. ഏവര്‍ക്കും ടെസ്റ്റ് ക്രിക്കറ്റര്‍ ആവണമെന്നാണ് ആഗ്രഹം, താനൊരു ടെസ്റ്റ് ക്രിക്കറ്ററായി എന്നാല്‍ അതില്‍ വിജയിക്കുവാന്‍ കഴിഞ്ഞില്ലെന്നത് സത്യമാണ്, അതിനാല്‍ തന്നെ ഈ അവസരത്തില്‍ ഒതുങ്ങുവാനല്ല ഇനിയും ടെസ്റ്റ് ടീമിലേക്ക് തിരികെ എത്തുകയാണ് തന്റെ ലക്ഷ്യമെന്ന് ജേസണ്‍ റോയ് വ്യക്തമാക്കി.