പാക്കിസ്ഥാന്റെ പരിചയ സമ്പത്ത് കുറഞ്ഞ യുവ പേസര്‍മാരില്‍ നിന്ന് പരമ്പരയില്‍ താന്‍ മികച്ച പ്രകടനം പ്രതീക്ഷിക്കുന്നുണ്ടെന്ന് വ്യക്തമാക്കി വഖാര്‍ യൂനിസ്. മുഹമ്മദ് അബ്ബാസിനെ ഒഴിച്ച് നിര്‍ത്തിയാല്‍ ഷഹീന്‍ അഫ്രീദിയും നസീം ഷായും താരതമ്യേന വളരെ കുറച്ച് ടെസ്റ്റുകള്‍ മാത്രമേ കളിച്ചിട്ടുള്ളു. ഇംഗ്ലണ്ടിലെ പരിചയമ്പത്ത് അവര്‍ക്ക് തീരെ ഇല്ലെന്നും പറയാം.
എന്നിരുന്നാലും ഈ ബൗളിംഗ് സംഘം ജയത്തിന് അരികില്‍ വരെ എത്തിയിരുന്നു മാഞ്ചസ്റ്ററില്‍. ആദ്യ ഇന്നിംഗ്സില്‍ അഞ്ചോളം വിക്കറ്റുകള്‍ സ്പിന്നര്‍മാരാണ് നേടിയതെങ്കിലും മെച്ചപ്പെട്ട ബൗളിംഗ് പ്രകടനം പേസര്‍മാരും നടത്തിയിരുന്നു. മാഞ്ചസ്റ്ററിലെ തോല്‍വി ഉള്‍ക്കൊള്ളാന്‍ പ്രയാസമുള്ള ഒന്നാണെങ്കിലും വരും മത്സരങ്ങളില്‍ തന്റെ യുവ പേസര്‍മാര്‍ മത്സരം വിജയിക്കുവാന്‍ കെല്പുള്ള പ്രകടനം പുറത്തെടുക്കുമെന്നാണ് വഖാര്‍ യൂനിസ് പറയുന്നത്.
അവര്‍ പുതുമുഖങ്ങളാണ്, എന്നാല്‍ അതല്ലാതെ വേറെ മാര്‍ഗ്ഗമില്ലെന്നും വഖാര്‍ വ്യക്തമാക്കി. എന്നാല്‍ കളിക്കാര്‍ മത്സരത്തില്‍ ഇറങ്ങാതെ അനുഭവസമ്പത്ത് നേടിയെടുക്കുകയില്ലെന്നതെന്നും ആരും മറക്കരുതെന്നും വഖാര്‍ അഭിപ്രായപ്പെട്ടു. ഇംഗ്ലണ്ടിന്റെ പേസ് ബൗളിംഗ് സംഘത്തിനോട് മാറ്റുരയ്ക്കുവാന്‍ പറ്റുന്നതല്ല പാക്കിസ്ഥാന്റേതെങ്കിലും ഈ പരമ്പരയില്‍ പാക്കിസ്ഥാന്‍ തിരിച്ചടിക്കുക തന്നെ ചെയ്യുമെന്നും വഖാര്‍ അഭിപ്രായപ്പെട്ടു.