വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് വിജയ ലക്ഷ്യം 255. മഴ വീണ്ടും കളിമുടക്കിയ മത്സരം 35 ഓവറായി ചുരുക്കിയിരുന്നു. ടോസ്സ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത വെസ്റ്റ് ഇൻഡീസ് 7 വിക്കറ്റ് നഷ്ടത്തിൽ 240 റൺസ് എടുത്തു. റിവൈസ് ചെയ്ത് ഇന്ത്യ നേടേണ്ട സ്കോറാണ് 255. യൂണിവേഴ്സൽ ബോസ് ക്രിസ് ഗെയിലിന്റെ വെടിക്കെട്ട് ഇന്നിംഗ്സാണ് വെസ്റ്റ് ഇൻഡീസിന് മികച്ച സ്കോർ സമ്മാനിച്ചത്.
ക്രിസ് ഗെയ്ലും ലെവിസും തമ്മിലുള്ള 115 റൺസ് ഓപ്പണിംഗ് പാർട്ട്ണർഷിപ്പാണ് കരീബിയൻസിന് തുണയായത്. 41 പന്തുകളിൽ 5 സിക്സറുകളും 8 ബൗണ്ടറിയുമടക്കം 72 റൺസാണ് ഗെയ്ല് നേടിയത്. ലെവിസ് 43 റൺസ് 29 പന്തുകളിലും നേടി. ഗെയ്ലിനെ ഖലീൽ അഹമ്മദും ലെവിസിന്റെ വിക്കറ്റ് ചഹലും വീഴ്ത്തി.
പിന്നീട് വന്ന വിക്കറ്റ് കീപ്പർ ഹോപ് 24 റൺസും ഹെറ്റ്മെയർ 25 റൺസും നേടി. നിക്കോളാസ് പൂരൻ 30 റൺസുമായി വെസ്റ്റ് ഇൻഡീസ് ചെറുത്ത് നിൽപ്പ് തുടർന്നു. പൂരന്റെയു. ഹെറ്റ്മെയറുടേയും വിക്കറ്റ് ഷമിയും ഹോപ്പിന്റെ വിക്കറ്റ് ജഡേജയും വീഴ്ത്തി. ഹോൾഡറുടേയും (24) ബ്രാത്വൈറ്റിന്റെയും (16) വിക്കറ്റ് വീഴ്ത്തി ഖലീൽ അഹമ്മദ് മൂന്ന് വിക്കറ്റ് തികച്ചു. ഫബിയൻ അലൻ 6 റൺസെടുത്തും പോൾ റൺസൊന്നുമെടുക്കാതെയും പുറത്താകാതെ നിന്നു.