അഞ്ചാം ടി20യിൽ ഇന്ത്യയെ 8 വിക്കറ്റിന് തോൽപ്പിച്ച് കൊണ്ട് വെസ്റ്റിൻഡീസ് പരമ്പര സ്വന്തമാക്കി. ഇന്ത്യ ഉയർത്തിയ 166 എന്ന വിജയലക്ഷ്യം 18 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ വെസ്റ്റിൻഡീസ് മറികടന്നു. ഇതോടെ പരമ്പര 3-2ന് വെസ്റ്റിൻഡീസ് സ്വന്തമാക്കി. പൂരന്റെയും ബ്രാൻഡൻ കിങിന്റെയും രണ്ടാം ഇന്നിങ്സ് കൂട്ടുകെട്ട് ആണ് വെസ്റ്റിൻഡീസിന് ജയം സമ്മാനിച്ചത്.
പൂരൻ 35 പന്തിൽ നിന്ന് 47 റൺസ് എടുത്തു പുറത്തായി. നാലു സിക്സും ഒരു ഫോറും പൂരന്റെ ഇന്നിംഗ്സിൽ ഉണ്ടായിരുന്നു. ബ്രാണ്ടൻ കിങ് 55 പന്തിൽ നിന്ന് 85 റൺസ് എടുത്ത് പുറത്താകാതെ നിന്നു. ഷായ് ഹോപ് 22 റൺസ് എടുത്തും വെസ്റ്റിൻഡീസ് വിജയം ഉറപ്പിക്കാൻ സഹായിച്ചു.
ഇന്ന് ആദ്യം ബാറ്റു ചെയ്ത ഇന്ത്യക്ക് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 165 റൺസ് എടുക്കാനെ ആയുള്ളൂ. കഴിഞ്ഞ മത്സരത്തിലെ ബാറ്റിംഗ് മികവ് ആവർത്തിക്കാൻ ആകാതിരുന്ന ഇന്ത്യൻ ടീം സൂര്യകുമാറിന്റെ അർധ സെഞ്ച്വറിയുടെ മികവിലാണ് ഈ സ്കോറിൽ എത്തിയത്. സൂര്യകുമാർ 45 പന്തിൽ 61 റൺസ് എടുത്തു. 3 സിക്സും 4 ഫോറും അടങ്ങുന്നത് ആയിരുന്നു സ്കൈയുടെ ഇന്നിംഗ്സ്.
ഇന്ത്യയുടെ ഓപ്പണർമാരായ ഗിൽ (9), ജയ്സ്വാൾ (5) എന്നിവർ ഇന്ന് തിളങ്ങിയില്ല. ഇത് ഇന്ത്യയുടെ റൺ റേറ്റിനെ ബാധിച്ചു. തിലക് വർമ്മ 18 പന്തിൽ 27 റൺസ് എടുത്തപ്പോൾ സഞ്ജു സാംസൺ 13 റൺസ് മാത്രം എടുത്ത് ഒരിക്കൽ കൂടെ നിരാശപ്പെടുത്തി. 18 പന്തിൽ നിന്ന് 14 റൺസ് മാത്രമെടുത്ത ഹാർദ്ദിക്കും നിരാശ നൽകി.
വെസ്റ്റിൻഡീസിനായി ഷെപേർഡ് 4 വിക്കറ്റും അകീൽ ഹൊസൈനും ഹോൾഡറും 2 വിക്കറ്റുകളും വീഴ്ത്തി. റോസ്റ്റൺ ചേസ് ഒരു വിക്കറ്റും നേടി.