രണ്ടാം ടെസ്റ്റിൽ ന്യൂസിലൻഡിനെ 259 റൺസിന് എറിഞ്ഞിട്ട് ഇന്ത്യ. ഇന്ന് ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസിലൻഡിനെ സ്പിൻ ബൗളിംഗിലൂടെ ആണ് ഇന്ത്യ വീഴ്ത്തിയത്. ഇന്ന് ടീമിലേക്ക് എത്തിയ വാഷിങ്ടൺ സുന്ദർ 7 വിക്കറ്റുമായി ബൗളർമാരിൽ ഏറ്റവും തിളങ്ങി. വാഷിംഗ്ടൺ സുന്ദറിന്റെ ഫസ്റ്റ് ക്ലാസ് കരിയറിലെ ആദ്യ 7 വിക്കറ്റ് നേട്ടമാണിത്.
ഇന്ന് തുടക്കത്തിൽ അശ്വിൻ ആണ് ന്യൂസിലൻഡിനെ അലട്ടിയത്. ലതാം (15), വിൽ യംഗ് (18), കോൺവേ (76) എന്നിവരെ അശ്വിൻ പുറത്താക്കി. പിന്നെ വാഷിംഗ്ടൺ സുന്ദറിന്റെ ഊഴമായിരുന്നു. 65 റൺസ് എടുത്ത് ഇന്ത്യക്ക് ഭീഷണിയായി നിന്നിരുന്ന രചിൻ രവീന്ദ്രയെ വാഷിംഗ്ടൺ പുറത്താക്കി. ഇത് കൂടാതെ മിച്ചൽ (18), ബ്ലണ്ടൽ (3), ഗ്ലെൻ ഫിലിപ്സ് (9), സൗതി (5), അജാസ് (4) എന്നിവരെയും വാഷിങ്ടൺ പുറത്താക്കി.
അവസാനം സാന്റ്നർ 33 റൺസ് എടുത്ത് നടത്തിയ പോരാട്ടമാണ് ന്യൂസിലൻഡിനെ 250 കടക്കാൻ സഹായിച്ചത്. അവസാനം സാന്റ്നറും വാഷിങ്ടണു മുന്നിൽ വീണു. 59 റൺസ് മാത്രം വിട്ടു കൊടുത്തായിരുന്നു സുന്ദർ 7 വിക്കറ്റ് വീഴ്ത്തിയത്. ഇനി ന്യൂസിലൻഡ് സ്പിന്നർമാരെ സമർത്തമായി നേരിട്ട് ലീഡ് നേടുക ആകും ഇന്ത്യയുടെ ലക്ഷ്യം.