വിലക്ക് കഴിഞ്ഞ് മുൻ ഇന്ത്യൻ താരം ശ്രീശാന്ത് കേരള ടീമിലേക്ക് തിരിച്ചുവരുന്നതിനായി കഴിഞ്ഞ ഏഴ് വർഷമായി കാത്തിരിക്കുകയാണെന്ന് മുൻ കേരള ക്യാപ്റ്റൻ സച്ചിൻ ബേബി. ശ്രീശാന്തിന്റെ ബൗളിംഗ് ഇപ്പോഴും മികച്ചതാണെന്നും നേരിടാൻ എളുപ്പമല്ലെന്നും സച്ചിൻ ബേബി പറഞ്ഞു. ശ്രീശാന്ത് തനിക് സഹോദരനെ പോലെയാണെന്നും താരത്തിന്റെ കേരള ടീമിലേക്കുള്ള തിരിച്ചുവരവിനായി കഴിഞ്ഞ 7 വർഷമായി താൻ കാത്തിരിക്കുകയാണെന്നും സച്ചിൻ ബേബി പറഞ്ഞു.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി ശ്രീശാന്തും താനും ഒരുമിച്ചാണ് പരിശീലനം നടത്തുന്നതെന്നും ശ്രീശാന്ത് തന്നെ ഒരുപാട് സഹായിക്കാറുണ്ടെന്നും സച്ചിൻ ബേബി പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷങ്ങളായി ശ്രീശാന്ത് കളിക്കുന്നിലെങ്കിലും താൻ കേരള ടീമിന്റെ ക്യാപ്റ്റനായിരിക്കുന്ന സമയത്ത് ടീമിൽ എന്തൊക്കെ ചെയ്യണമെന്ന കാര്യം ശ്രീശാന്ത് താനുമായി സംസാരിക്കാറുണ്ടായിരുന്നെന്നും സച്ചിൻ ബേബി പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ബി.സി.സി.ഐ ശ്രീശാന്തിന്റെ മേൽ ഏർപ്പെടുത്തിയ 7 വർഷത്തെ വിലക്ക് കഴിഞ്ഞാൽ താരത്തെ കേരള രഞ്ജി ടീമിലേക്ക് പരിഗണിക്കുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ വ്യക്തമാക്കിയത്.