വിവിഎസ് ലക്ഷ്മണും ഹൃഷികേശ് കനിത്കറും ചൈനയിലെ ഹാങ്ഷൗവിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമുകളെ നയിക്കും. പുരുഷ ടീമിനെ വി വി എസ് ലക്ഷ്മണും വനിതാ ടീമിനെ കനിത്കറും പരിശീലിപ്പിക്കും. പുരുഷ ടീമിന്റെ ബൗളിംഗ് പരിശീലകൻ സായിരാജ് ബഹുതുലെയും അവരുടെ ഫീൽഡിംഗ് പരിശീലകൻ മുനിഷ് ബാലിയുമാണ്. വനിതാ ടീമിന്റെ ബൗളിംഗ് പരിശീലകനായി റജിബ് ദത്തയും ഫീൽഡിംഗ് കോച്ചായി ശുഭദീപ് ഘോഷും പ്രവർത്തിക്കും.
ബെംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയുടെ (എൻസിഎ) തലവനായ ലക്ഷ്മൺ മുമ്പ് രാഹുൽ ദ്രാവിഡിന് വിശ്രമം അനുവദിച്ചപ്പോൾ ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകനായി എത്തിയിരുന്നു. റുതുരാജ് ഗെയ്‌ക്‌വാദിന്റെ നേതൃത്വത്തിലുള്ള റിസർവ് സ്ക്വാഡാണ് ഏഷ്യൻ ഗെയിംസിലെ ഇന്ത്യൻ പുരുഷ ടീം.
കഴിഞ്ഞ വർഷം ഡിസംബറിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ഹോം ടി20 ഐ പരമ്പര മുതൽ കനിത്‌കറായിരുന്നു വനിതാ ടീമിന്റെ ചുമതല. ക്വാർട്ടർ ഫൈനൽ ഘട്ടം മുതലാകും ഇന്ത്യ ഏഷ്യൻ ഗെയിംസിൽ കളി ആരംഭിക്കുക.