ഇന്ത്യൻ ക്യാപ്റ്റൻ എന്ന നിലയിൽ ടി20യിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി. മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയുടെ റെക്കോർഡാണ് വിരാട് കോഹ്‌ലി മറികടന്നത്. ന്യൂസിലാൻഡിനെതിരായ മൂന്നാം ടി20 മത്സരത്തിനിടെയാണ് വിരാട് കോഹ്‌ലി ധോണിയുടെ റെക്കോർഡ് മറികടന്നത്.
ഇതുവരെ 72 മത്സരങ്ങളിൽ നിന്ന് 1112 റൺസ് എടുത്ത ധോണിയായിരുന്നു ടി20യിൽ ഏറ്റവും കൂടുതൽ റൺസ് എടുത്ത ഇന്ത്യൻ ക്യാപ്റ്റൻ. ഇന്നത്തെ 38 റൺസ് പ്രകടനത്തോടെ വിരാട് കോഹ്‌ലി ക്യാപ്റ്റൻ എന്ന നിലയിൽ ഇന്ത്യക്ക് വേണ്ടി 1126 റൺസ് സ്വന്തമാക്കി. 37 മത്സരങ്ങളിൽ നിന്നാണ് വിരാട് കോഹ്‌ലി ഈ നേട്ടം സ്വന്തമാക്കിയത്. നിലവിൽ ലോക ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ക്യാപ്റ്റൻ എന്ന റെക്കോർഡ് ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ഡു പ്ലെസ്സിക്കാണ്. 40 മത്സരങ്ങളിൽ നിന്ന് 1273 റൺസാണ് ക്യാപ്റ്റൻ എന്ന നിലയിൽ ഡു പ്ലെസ്സിയുടെ സമ്പാദ്യം.