ഏകദിന റാങ്കിങ്ങിൽ വിരാട് കോഹ്‌ലി ഒന്നാമത് തന്നെ, തൊട്ടു പിറകിൽ രോഹിത് ശർമ്മയും

Staff Reporter

ഐ.സി.സിയുടെ ഏറ്റവും പുതിയ ഏകദിന റാങ്കിങ്ങിൽ ഒന്നാം സ്ഥാനം ഉറപ്പിച്ച് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി. 871 റേറ്റിംഗ് പോയിന്റുമായാണ് വിരാട് കോഹ്‌ലി ഒന്നാം സ്ഥാനം ഉറപ്പിച്ചത്. തൊട്ട് പിറകിൽ 855 റേറ്റിംഗ് പോയിന്റുമായി ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മയും ഉണ്ട്. അതെ സമയം സിംബാബ്‌വെക്കെതിരായ പരമ്പരയിൽ മികച്ച പ്രകടനം പുറത്തെടുത്ത പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം മികച്ച മുന്നേറ്റം നടത്തി വിരാട് കോഹ്‌ലിയുടെയും രോഹിത് ശർമ്മയുടെയും അടുത്തെത്തിയിട്ടുണ്ട്. നിലവിൽ 837 റേറ്റിംഗ് പോയിന്റാണ് ബാബർ അസമിന് ഉള്ളത്. സിംബാബ്‌വെക്കെതിരായ പരമ്പരയിൽ ഒരു സെഞ്ചുറിയടക്കം 221 റൺസാണ് ബാബർ അസം നേടിയത് .

ബൗളർമാരുടെ റാങ്കിങ്ങിൽ 722 റേറ്റിംഗ് പോയിന്റുമായി ന്യൂസിലാൻഡ് ബൗളർ ട്രെന്റ് ബോൾട്ട് ആണ് ഒന്നാം സ്ഥാനത്ത്. 719 റേറ്റിംഗ് പോയിന്റുമായി ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറ തൊട്ട് പിറകിലുണ്ട്. ഓൾ റൗണ്ടർമാരിൽ ബംഗ്ലാദേശ് താരം ഷാകിബ് അൽ ഹസൻ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. കഴിഞ്ഞ ആഴ്ചയിലാണ് ഐ.സി.സി താരത്തിന് ഏർപ്പെടുത്തിയ വിലക്ക് അവസാനിച്ചത്. രണ്ടാം സ്ഥാനത്ത് അഫ്ഗാൻ താരം മുഹമ്മദ് നബിയാണ് ഉള്ളത്.