ഐ.സി.സി ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തുള്ള ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്തിനോട് ഒരു പടി കൂടി അടുത്ത് ഇന്ത്യൻ ക്യാപ്റ്റൻ. നിലവിൽ 931 റേറ്റിംഗുമായി സ്റ്റീവ് സ്മിത്ത് തന്നെയാണ് ടെസ്റ്റ് ബാറ്റ്സ്മാൻമാരിൽ ഒന്നാം സ്ഥാനത്ത്. എന്നാൽ 928 റേറ്റിംഗ് പോയിന്റുമായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി തൊട്ടുപിറകിലുണ്ട്. ബംഗ്ലാദേശിനെതിരായ പിങ്ക് ബോൾ ടെസ്റ്റിൽ സെഞ്ചുറി നേടിയതാണ് വിരാട് കോഹ്ലിയുടെ റേറ്റിംഗ് ഉയരാൻ കാരണം.
ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റിൽ ഡബ്ബിൾ സെഞ്ചുറി നേടിയതോടെയാണ് മായങ്ക് റാങ്കിങ്ങിൽ കുതിപ്പ് നടത്തിയത്. നിലവിൽ പത്താം സ്ഥാനത്തുള്ള മായങ്ക് ആദ്യമായിട്ടാണ് റാങ്കിങ്ങിൽ ആദ്യ പത്ത് സ്ഥാനങ്ങളിൽ എത്തുന്നത്. മറ്റൊരു ഇന്ത്യൻ താരമായ അജിങ്കെ രഹാനെ റാങ്കിങ്ങിൽ നാലാം സ്ഥാനത്താണ്.
ബൗളർമാരുടെ പട്ടികയിൽ ഓസ്ട്രേലിയൻ താരം പാറ്റ് കമ്മിൻസ് ആണ് ഒന്നാം സ്ഥാനത്ത്. 907 റേറ്റിംഗ് പോയിന്റാണ് കമ്മിൻസിന് ഉള്ളത്. 839 റേറ്റിംഗ് പോയിന്റുമായി സൗത്ത് ആഫ്രിക്കൻ ബൗളർ കാഗിസോ റബാഡ രണ്ടാം സ്ഥാനത്താണ്. പരിക്ക് മൂലം അവസാന രണ്ട് പരമ്പരകളിൽ കളിക്കാതിരുന്ന ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിട്ടുണ്ട്. ടെസ്റ്റ് ഓൾ റൗണ്ടർമാരുടെ പട്ടികയിൽ വെസ്റ്റിൻഡീസ് താരം ജേസൺ ഹോൾഡറിന് പിന്നിൽ രണ്ടാം സ്ഥാനത്തായി ഇന്ത്യൻ താരം രവീന്ദ്ര ജഡേജയുണ്ട്.