ഓഗസ്റ്റ് 1ന് ആരംഭിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിനായി തങ്ങൾ ആവേശത്തോടെ കാത്തിരിക്കുകയാണെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി. ഓഗസ്റ്റ് 1ന് തുടങ്ങുന്ന ആഷസ് പരമ്പരയോടെയാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് തുടക്കമാവുക. “ടെസ്റ്റ് ക്രിക്കറ്റ് ഇപ്പോഴും വളരെ വെല്ലുവിളി നിറഞ്ഞതാണ്, അതിൽ ഒന്നാമത് എത്തുകയെന്നത് വളരെ സംതൃപ്തി നൽകുന്ന ഒന്നാണ്. അടുത്ത കാലത്തായി ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്, അത് കൊണ്ട് തന്നെ ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് മികച്ച സാധ്യതകളുണ്ട്” കോഹ്‌ലി പറഞ്ഞു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ആദ്യ പരമ്പരയിൽ ഇന്ത്യയുടെ എതിരാളികൾ വെസ്റ്റിൻഡീസ് ആണ്.
ടെസ്റ്റ് പദവിയുള്ള 9 രാജ്യങ്ങൾ അടുത്ത രണ്ടു കൊല്ലത്തിനുള്ളിൽ പരസ്പരം മത്സരിക്കും. ഇത് പ്രകാരം അടുത്ത രണ്ടു വർഷത്തിനുള്ളിൽ 27 പാരമ്പരകളിലായി 71 ടെസ്റ്റ് മത്സരങ്ങളാണ് നടക്കുക. മുഴുവൻ ടീമുകളും മൂന്ന് ഹോം പരമ്പരകളും മൂന്ന് എവേ പരമ്പരകളും ഇതിന്റെ ഭാഗമായി കളിക്കും. ഓരോ സീരിസും മത്സരത്തിന്റെ എണ്ണം കണക്കാതെ 120 പോയിന്റാണ് ഉണ്ടാവുക. ഇത് പ്രകാരം രണ്ടു മത്സരങ്ങളുള്ള പരമ്പരയിൽ ഒരു മത്സരത്തിന് 60 പോയിന്റും മൂന്ന് മത്സരങ്ങളുള്ള പരമ്പരയിൽ ഒരു മത്സരത്തിന് 40 പോയിന്റുമായിരിക്കും ഉണ്ടാവുക. ഇതിൽ ഏറ്റവും കൊടുത്താൽ പോയിന്റ് നേടുന്ന രണ്ടു ടീമുകൾ 2021 ജൂണിൽ നടക്കുന്ന ഫൈനൽ പോരാട്ടത്തിന് യോഗ്യത നേടും.