നിലവിൽ ലോക ക്രിക്കറ്റിൽ ഏറ്റവും മികച്ച ക്യാപ്റ്റൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയാണെന്ന് മുൻ പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ ഷൊഹൈബ് അക്തർ. നിലവിൽ ഒരു ക്യാപ്റ്റനും വിരാട് കോഹ്ലിയുടെ അടുത്തൊന്നും എത്തില്ലെന്നും ഷൊഹൈബ് അക്തർ പറഞ്ഞു.
ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ഒരു ഇന്നിങ്സിനും 137 റൺസിനും ജയിച്ചതിന് ശേഷമായിരുന്നു ഷൊഹൈബ് അക്തറിന്റെ പ്രതികരണം. വിരാട് കോഹ്ലി മികച്ച ക്യാപ്റ്റനാവുമെന്ന് താൻ മുൻപും പറഞ്ഞിട്ടുണ്ടെന്നും 2019 ലോകകപ്പ് തോൽവിക്ക് ശേഷം കോഹ്ലി തെറ്റുകളിൽ നിന്ന് പാഠം ഉൾകൊള്ളുന്നുണ്ടെന്നും അക്തർ പറഞ്ഞു. വിരാട് കോഹ്ലി നിർഭയനായ ക്യാപ്റ്റൻ ആണെന്നും ദക്ഷിണാഫ്രിക്കയുടെ മേൽ കോഹ്ലി സമ്പൂർണ ആധിപത്യം പുലർത്തിയെന്നും അക്തർ പറഞ്ഞു.
തന്റെ കരിയറിലെ ആദ്യ ട്രിപ്പിൾ സെഞ്ചുറി നേടാൻ അവസരമുണ്ടായിട്ടും കോഹ്ലി അത് ടീമിന് വേണ്ടി വേണ്ടെന്ന് വെച്ചെന്നും അക്തർ പറഞ്ഞു. തുടർച്ചയായി 11 ഹോം പരമ്പര വിജയങ്ങൾ സ്വന്തമാക്കിയ ഇന്ത്യൻ ടീമിനെയും അക്തർ അഭിനന്ദിച്ചു.