വിരാട് കോഹ്‌ലി സാധാരണ ബാറ്റ്സ്മാൻ ആണെന്ന് പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ

Staff Reporter

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി ഒരു സാധാരണ ബാറ്റ്സ്മാൻ മാത്രമാണെന്ന് മുൻ പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ ജുനൈദ് ഖാൻ. ഏകദിന ക്രിക്കറ്റിൽ വിരാട് കോഹ്‌ലിക്കെതിരെ മികച്ച റെക്കോർഡുള്ള താരമാണ് ജുനൈദ് ഖാൻ. 2012ൽ പാകിസ്ഥാന്റെ ഇന്ത്യൻ പരമ്പരയുടെ സമയത്ത് വിരാട് കോഹ്‌ലിക്കെതിരെ പന്തെറിഞ്ഞ ജുനൈദ് ഖാൻ കോഹ്‌ലിക്കെതിരെ 24 തവണ പന്തെറിഞ്ഞപ്പോൾ 3 റൺസ് മാത്രം വഴങ്ങി താരത്തെ 3 തവണ പുറത്താക്കിയിരുന്നു.

വിരാട് കോഹ്‌ലിക്കെതിരെ താൻ ആദ്യം എറിഞ്ഞ പന്ത് വൈഡ് ആയിരുന്നെന്നും എന്നാൽ രണ്ടാമത്തെ പന്ത് വിരാട് കോഹ്‌ലിയെ മറികടന്നു പോയതോടെ വിരാട് കോഹ്‌ലി ഒരു സാധാരണ ബാറ്റ്സ്മാൻ ആണെന്ന് തനിക്ക് തോന്നിയെന്നും തുടർന്ന് വിരാട് കോഹ്‌ലിക്കെതിരെ മികച്ച രീതിയിൽ പന്തെറിയാൻ തനിക്ക് കഴിഞ്ഞെന്നും ജുനൈദ് ഖാൻ പറഞ്ഞു.

അതെ സമയം നിലവിൽ ലോക ക്രിക്കറ്റിൽ മൂന്ന് ഫോർമാറ്റിലും മികച്ച ബാറ്റ്സ്മാൻ വിരാട് കോഹ്‌ലി തന്നെയാണെന്ന് ജുനൈദ് ഖാൻ പറഞ്ഞു. ആരോടെങ്കിലും മികച്ച ബാറ്റ്സ്മാൻ ആരെന്ന് ചോദിച്ചാൽ ബാബർ അസം, ജോ റൂട്ട്, കെയ്ൻ വില്യംസൺ, സ്റ്റീവ് സ്മിത്ത് എന്നിവരുടെ പേരുകൾ പറയുമെങ്കിലും ഇവരേക്കാൾ മികച്ച പ്രകടനം വിരാട് കോഹ്‌ലി മൂന്ന് ഫോർമാറ്റിലും പുറത്തെടുത്തിട്ടുണ്ടെന്ന് ജുനൈദ് ഖാൻ പറഞ്ഞു.