ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയുടെ പ്രകടനം ശരാശരിക്കും താഴെ ആയിരുന്നെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി. ഇന്ത്യയുടെ മോശം പ്രകടനം ഇംഗ്ലണ്ട് മുതലെടുത്തെന്നും വിരാട് കോഹ്‌ലി പറഞ്ഞു. ഇംഗ്ലണ്ടിനോട് 8 വിക്കറ്റിന്റെ കനത്ത പരാജയം ഏറ്റുവാങ്ങിയതിന് ശേഷം സംസാരിക്കുകയായിരുന്നു ഇന്ത്യൻ ക്യാപ്റ്റൻ.
ഈ പിച്ചിൽ എങ്ങനെ ബാറ്റ് ചെയ്യണമെന്ന് ഇന്ത്യൻ ബാറ്റ്സ്മാൻമാർക്ക് അറിയില്ലായിരുന്നെന്നും ബാറ്റ്സ്മാൻ എന്ന നിലയിൽ തെറ്റുകൾ അംഗീകരിച്ച് അടുത്ത മത്സരത്തിൽ കുറച്ചുകൂടെ വ്യക്തതയോടെ മത്സരത്തെ നേരിടുകയാണ് വേണ്ടതെന്നും വിരാട് കോഹ്‌ലി പറഞ്ഞു. ടി20 ലോകകപ്പിന് മുൻപ് ഈ മത്സരങ്ങൾ മാത്രമാണ് ഇന്ത്യക്ക് മുൻപിൽ ഉള്ളതെന്നും മത്സരത്തെ ലളിതമായി കാണാതെ ചില പരീക്ഷണങ്ങൾ നടത്താനാണ് ടീം ശ്രമിക്കുന്നതെന്നും വിരാട് കോഹ്‌ലി വ്യക്തമാക്കി.
തന്റെ പ്രകടനത്തിൽ തനിക്ക് നിരാശ ഇല്ലെന്നും ഒരു ഇന്റർനാഷണൽ ക്രിക്കറ്റർ എന്ന നിലയിൽ ഫോം ഉണ്ടാവുന്നതും ഇല്ലാതിരിക്കുന്നതും സാധാരയാണെന്നും വിരാട് കോഹ്‌ലി പറഞ്ഞു. മത്സരത്തിൽ 5 പന്ത് നേരിട്ട വിരാട് കോഹ്‌ലി റൺസ് ഒന്നും എടുക്കാതെ പുറത്തായിരുന്നു.