റായ്പൂരിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന രണ്ടാം ഏകദിനത്തിൽ വിരാട് കോഹ്ലി തന്റെ 53-ാമത് ഏകദിന സെഞ്ച്വറി നേടി. ആദ്യ ഏകദിനത്തിലെ 52-ാമത് സെഞ്ച്വറിക്ക് പിന്നാലെ കോഹ്ലി നേടുന്ന തുടർച്ചയായ രണ്ടാം സെഞ്ച്വറിയാണിത്.
ഋതുരാജ് ഗെയ്‌ക്‌വാദ് തന്റെ കന്നി ഏകദിന സെഞ്ച്വറി നേടിയ മത്സരത്തിൽ, കോഹ്ലിയുമായി ചേർന്ന് 195 റൺസിന്റെ മികച്ച കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്.
ടോസ് നേടി ബോളിംഗ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക ഷഹീദ് വീർ നാരായൺ സിംഗ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഇന്ത്യൻ ബാറ്റിംഗ് വെടിക്കെട്ടിന് മുന്നിൽ കഷ്ടപ്പെട്ടു. 93 പന്തിൽ 102 റൺസ് നേടിയ കോഹ്ലിയുടെ ഇന്നിംഗ്‌സ് അദ്ദേഹത്തിന്റെ ക്ലാസ് വിളിച്ചോതുന്നതായിരുന്നു.
മനോഹരമായ ഡ്രൈവുകളും ശാന്തമായ സ്ട്രോക്ക് പ്ലേയും സഹിതം തന്റെ ഏകദിന സെഞ്ച്വറികളുടെ എണ്ണം 53 ആയി ഉയർത്തി, താൻ ഇപ്പോഴും ഇന്ത്യയുടെ ബാറ്റിംഗ് കിംഗ് ആണെന്ന് കോഹ്ലി അടിവരയിട്ടു. 2 സിക്സും 7 ഫോറും അടങ്ങുന്നത ആയിരുന്നു കോഹ്ലിയുടെ ഇന്നിംഗ്സ്.