പുതുച്ചേരി: 19 വയസ്സിൽ താഴെയുള്ളവർക്കായുള്ള വിനു മങ്കാദ് ട്രോഫിയിൽ ബംഗാളിനെ ആവേശപ്പോരാട്ടത്തിൽ മറികടന്ന് കേരളം. മഴ മൂലം വെട്ടിച്ചുരുക്കിയ മത്സരത്തിൽ രണ്ട് റൺസിനായിരുന്നു കേരളത്തിൻ്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത കേരളം 26 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 139 റൺസെടുത്തു. വീണ്ടും മഴ പെയ്തതിനെ തുടർന്ന് ബംഗാളിൻ്റെ ലക്ഷ്യം 26 ഓവറിൽ 148 റൺസായി പുതുക്കി നിശ്ചയിച്ചു. മറുപടി ബാറ്റിങ്ങിൽ അവർക്ക് 26 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 145 റൺസ് മാത്രമാണ് നേടാനായത്.
ടോസ് നേടി ആദ്യം ബാറ്റിങ് തെരഞ്ഞെടുത്ത കേരളത്തിന് തുടക്കത്തിൽ തന്നെ മൂന്ന് വിക്കറ്റുകൾ നഷ്ടമായി. ജോബിൻ ജോബി രണ്ടും കെ ആർ രോഹിത് ഒന്നും ക്യാപ്റ്റൻ മാനവ് കൃഷ്ണ രണ്ടും റൺസ് നേടി മടങ്ങി. സംഗീത് സാഗറിൻ്റെയും മാധവ് കൃഷ്ണയുടെയും ഇന്നിങ്സുകളാണ് കേരളത്തെ കരകയറ്റിയത്. അവസാന ഓവറുകളിൽ അമയ് മനോജിൻ്റെ മികച്ച ഇന്നിങ്സും കേരളത്തിന് തുണയായി. സംഗീത് സാഗർ 36 റൺസെടുത്തു. മാധവ് കൃഷ്ണ 38ഉം അമയ് മനോജ് 43 പന്തുകളിൽ നിന്ന് 42 റൺസുമായും പുറത്താകാതെ നിന്നു. ബംഗാളിന് വേണ്ടി രോഹിത് കുമാർ ദാസ് രണ്ട് വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗാളിന് ഓപ്പണർമാർ മികച്ച തുടക്കമായിരുന്നു നല്കിയത്. അഗസ്ത്യ ശുക്ലയും അങ്കിത് ചാറ്റർജിയും ചേർന്ന് ഓപ്പണിങ് വിക്കറ്റിൽ 62 റൺസ് നേടി. അഗസ്ത്യ 29ഉം അങ്കിത് 27ഉം റൺസ് നേടി. ഇരുവരും പുറത്തായതോടെ കേരളത്തിൻ്റെ ബൌളർമാർ പിടിമുറുക്കി. തുടരെ രണ്ട് വിക്കറ്റുകൾ കൂടി വീണതോടെ ബംഗാൾ ഇന്നിങ്സിൻ്റെ വേഗം കുറഞ്ഞു. ഒടുവിൽ അവസാന ഓവറുകളിൾ മൂന്ന് വിക്കറ്റുകൾ കൂടി വീഴ്ത്തി കേരളം മല്സരത്തിൽ വിജയം സ്വന്തമാക്കി. 41 റൺസെടുത്ത ക്യാപ്റ്റൻ ചന്ദ്രഹാസാണ് ബംഗാളിൻ്റെ ടോപ് സ്കോറർ. കേരളത്തിന് വേണ്ടി മൊഹമ്മദ് ഇനാൻ മൂന്നും തോമസ് മാത്യു രണ്ടും വിക്കറ്റുകൾ വീഴ്ത്തി.