വിജയ് ഹസാരെ ട്രോഫിയിൽ മുംബൈയുടെ നായകനായി ശ്രേയസ്സ് അയ്യര്‍ എത്തുന്നു. പരിക്കേറ്റ ശര്‍ദ്ധുൽ താക്കൂര്‍ ടൂര്‍ണ്ണമെന്റിൽ നിന്ന് പുറത്തായതോടെയാണ് ശ്രേയസ്സ് അയ്യര്‍ക്ക് ഈ ഉത്തരവാദിത്വം എത്തിയത്. ഇപ്പോള്‍ ലീഗ് മത്സരങ്ങളിലേക്ക് താരത്തിന്റെ സേവനം മുംബൈയ്ക്ക് ലഭിയ്ക്കുമെങ്കിലും ബിസിസിഐ ന്യൂസിലാണ്ടിനെതിരെയുള്ള ഏകദിന പരമ്പരയിലേക്ക് താരത്തെ ഉള്‍പ്പെടുത്തിയിട്ടുള്ളതിനാൽ തന്നെ ഫിറ്റ്നെസ്സ് ക്ലിയറന്‍സ് ലഭിച്ചാൽ താരം ഇന്ത്യന്‍ ടീമിലേക്ക് എത്തും.

മുംബൈ നോക്കൗട്ടിലേക്ക് എത്തുകയും ശ്രേയസ്സ് അയ്യര്‍ക്ക് ഫിറ്റ്നെസ്സ് ക്ലിയറന്‍സ് ലഭിയ്ക്കുകയും ചെയ്താൽ മുംബൈയ്ക്ക് പുതിയ ക്യാപ്റ്റനെ തേടേണ്ട ആവശ്യം വരും. അതിന്മേൽ കൂടുതൽ വ്യക്തത വന്ന ശേഷം മാത്രം മുംബൈ തീരുമാനം എടുക്കുകയുള്ളുവെന്ന് എംസിഎ സെക്രട്ടറി ഉന്‍മേഷ് ഖാന്‍വിൽകര്‍ വ്യക്തമാക്കി. നിലവിൽ അവശേഷിക്കുന്ന രണ്ട് വിജയ് ഹസാരെ ലീഗ് മത്സരങ്ങളിൽ ശ്രേയസ്സ് അയ്യര്‍ മുംബൈയെ നയിക്കുമെന്നും സെക്രട്ടറി കൂട്ടിചേര്‍ത്തു.
കഴിഞ്ഞ ഒക്ടോബറിൽ ഓസ്ട്രേലിയയിൽ വെച്ച് മൂന്നാം ഏകദിനത്തിനിടെ താരത്തിന് പരിക്കേറ്റതിനെ തുടര്‍ന്ന് താരം ഏറെക്കാലമായി കോംപറ്റീറ്റീവ് ക്രിക്കറ്റിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു.









