വിജയ് ഹസാരെ ട്രോഫിയിൽ കേരളം ക്വാർട്ടറിൽ. മഹാരാഷ്ട്രക്ക് എതിരെ 153 റൺസിന്റെ വിജയമാണ് കേരളം നേടിയത്. കേരളം ഉയർത്തിയ 384 എന്ന വൻ വിജയ ലക്ഷ്യം പിന്തുടർന്ന മഹാരാഷ്ട്ര 37 ഓവറിലേക്ക് 230 റൺസിന് ഓളൗട്ട് ആയി. ഓപ്പണർമാരായ ഓം ബൊഷലെ 78 റണ്ണും താംബെ 50 റൺസും എടുത്ത് നന്നായി തുടങ്ങി എങ്കിലും പിന്നീട് വന്ന മഹാരാഷ്ട്ര ബാറ്റർമാർക്ക് തിളങ്ങാൻ ആയില്ല.
കേരളത്തിനായി ശ്രേയസ് ഗോപാൽ നാലു വിക്കറ്റും വൈശാഖ് 3 വിക്കറ്റും വീഴ്ത്തി. അഖിൻ, ബേസിൽ എന്നിവർ ഒരോ വൊക്കറ്റ് വീതവും വീഴ്ത്തി. നേരത്തെ ആദ്യം ബാറ്റു ചെയ്ത കേരളം 383-4 റൺസ് എടുത്തു. ഓപ്പണർമാരായ രോഹൻ എസ് കുന്നുമ്മലിന്റെയും കൃഷ്ണ പ്രസാദിന്റെയും മികച്ച സെഞ്ച്വറികൾ ആണ് കേരളത്തിന് ഇത്ര വലിയ സ്കോർ നൽകിയത്.
218 റൺസിന്റെ മികച്ച തുടക്കം കേരളത്തിന്റെ ഓപ്പണർമാർ ഓപ്പണിംഗ് വിക്കറ്റിൽ നൽകി. ഓപ്പണർമാരായ രോഹൻ എസ് കുന്നുമ്മലും കൃഷ്ണ പ്രസാദും ഇന്ന് സെഞ്ച്വറി നേടി. ലിസ്റ്റ എ മത്സരങ്ങളിൽ ഇത് മൂന്നാം തവണ മാത്രമാണ് കേരളത്തിന്റെ രണ്ട് ഓപ്പണർമാരും സെഞ്ച്വറി നേടുന്നത്. മുമ്പ് ജഗദീശും ഹെഡ്ഗെയും വിഷ്ണു വിനോദും ഉത്തപ്പയും ആണ് ഇതു പോലെ കേരളത്തിനായി ഒരേ മത്സരത്തിൽ സെഞ്ച്വറികൾ നേടിയ ഓപ്പണർമാർ.
കേരളത്തിന്റെ 200നേലെയുള്ള രണ്ടാമത്തെ ഓപ്പണിംഗ് വിക്കറ്റ് കൂട്ടുകെട്ടും ഇന്ന് പിറന്നു. രോഹൻ എസ് കുന്നുമ്മൽ ഇന്ന് 95 പന്തിൽ നിന്ന് 120 റൺസ് എടുത്താണ് പുറത്തായത്. ഒരു സിക്സും 18 ഫോറും അടങ്ങുന്നതായിരുന്നു രോഹന്റെ ഇന്നിംഗ്സ്. താരത്തിന്റെ ലിസ്റ്റ് എയിലെ നാലാം സെഞ്ച്വറിയാണിത്.
കൃഷ്ണ പ്രസാദ് തന്റെ ആദ്യ ലിസ്റ്റ് എ സെഞ്ച്വറിയും നേടി. 144 റൺസാണ് കൃഷ്ണ പ്രസാദ് നേടിയത്. 137 പന്തിൽ 4 സിക്സും 13 ഫോറും താരം അടിച്ചു.
സഞ്ജു സാംസൺ 25 പന്തിൽ നിന്ന് 29 റൺസും വിഷ്ണു വിനോദ് 23 പന്തിൽ 43 റൺസും ബാസിത് 18 പന്തിൽ നിന്ന് 35 റൺസും എടുത്ത് കേരളത്തെ നല്ല ടോറ്റലിൽ എത്തിച്ചു.