നാണക്കേടായി ബാറ്റിംഗ്, 200 റൺസ് തോൽവി വഴങ്ങി കേരളം

Sports Correspondent

വിജയ് ഹസാരെ ട്രോഫി സെമി ഫൈനൽ കാണാനാകാതെ കേരളം പുറത്ത്. ഇന്ന് രാജസ്ഥാനെതിരെയുള്ള ബാറ്റിംഗ് തകര്‍ച്ചയാണ് ടീമിന് തിരിച്ചടിയായത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 267/8 എന്ന സ്കോര്‍ നേടിയപ്പോള്‍ കേരളത്തിന് 67 റൺസ് മാത്രമേ നേടാനായുള്ളു. കേരളത്തിന്റെ 9 വിക്കറ്റ് നഷ്ടമായപ്പോള്‍ റിട്ടേര്‍ഡ് ഹര്‍ട്ടായ വിഷ്ണു വിനോദ് ബാറ്റ് ചെയ്യാന്‍ പിന്നീട് ഇറങ്ങിയില്ല.

28 റൺസ് നേടി സച്ചിന്‍ ബേബി ആണ് ടീമിന്റെ ടോപ് സ്കോറര്‍. രാജസ്ഥാന് വേണ്ടി അനികേത് ചൗധരി നാലും അറാഫത് ഖാന്‍ മൂന്ന് വിക്കറ്റും നേടി. ഖലീൽ അഹമ്മദ് രണ്ട് വിക്കറ്റും നേടി. 21 ഓവര്‍ മാത്രമാണ് കേരളത്തിന്റെ ഇന്നിംഗ്സ് നീണ്ട് നിന്നത്.