വിജയ് ഹസാരെ ട്രോഫി സെമി ഫൈനലില്‍ കടന്ന് കര്‍ണ്ണാടക. ഇന്ന് നടന്ന മത്സരത്തില്‍ കേരളത്തിനെതിരെ 80 റണ്‍സ് വിജയം കരസ്ഥമാക്കിയാണ് കര്‍ണ്ണാടക മുന്നേറിയത്. ആദ്യം ബാറ്റ് ചെയ്ത കര്‍ണ്ണാടക 338 റണ്‍സാണ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ നേടിയത്.
കേരളത്തിന് തുടക്കം മുതല്‍ വിക്കറ്റുകള്‍ നഷ്ടമായപ്പോള്‍ അഞ്ചാം വിക്കറ്റില്‍ വത്സല്‍ ഗോവിന്ദ് – മുഹമ്മദ് അസ്ഹറുദ്ദീന്‍ കൂട്ടുകെട്ട് മാത്രമാണ് പൊരുതി നോക്കിയത്. അസ്ഹറുദ്ദീന്‍ 34 പന്തില്‍ നിന്ന് 52 റണ്‍സ് നേടിയെങ്കിലും ശ്രേയസ്സ് ഗോപാലിന് വിക്കറ്റ് നല്‍കി മടങ്ങിയപ്പോള്‍ അഞ്ചാം വിക്കറ്റില്‍ ഇവര്‍ 92 റണ്‍സാണ് നേടിയത്.
അധികം വൈകാതെ 92 റണ്‍സ് നേടിയ വത്സല്‍ ഗോവിന്ദും പുറത്താകുകയായിരുന്നു. റോബിന്‍ ഉത്തപ്പ, രോഹന്‍ കുന്നുമ്മല്‍, വത്സല്‍ ഗോവിന്ദ് എന്നിവരുടെ വിക്കറ്റ് രോനിത് മോറെയാണ് നേടിയത്. അസ്ഹറുദ്ദീന്റേതുള്‍പ്പെടെ രണ്ട് വിക്കറ്റ് ശ്രേയസ്സ് ഗോപാല്‍ നേടി.
രോണിത് മോറെ ബേസില്‍ തമ്പിയെയും ശ്രീശാന്തിനെയും പുറത്താക്കി തന്റെ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയപ്പോള്‍ കേരളം 43.4 ഓവറില്‍ 258 റണ്‍സിന് ഓള്‍ഔട്ട് ആകുകയായിരുന്നു. 24 റണ്‍സ് നേടിയ ജലജ് സക്സേനയെ പുറത്താക്കി കൃഷ്ണപ്പ ഗൗതം ആണ് കേരള ഇന്നിംഗ്സിന് അവസാനം കുറിച്ചത്. ഗൗതമിന്റെ മത്സരത്തിലെ രണ്ടാമത്തെ വിക്കറ്റായിരുന്നു ഇത്.