ജാര്‍ഖണ്ഡിനായി വിജയ് ഹസാരെ ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യന്‍ മുന്‍ നായകന്‍ എംഎസ് ധോണി കളിക്കുമെന്ന് ഇന്ത്യന്‍ സെലക്ടര്‍ എംഎസ്കെ പ്രസാദ് വ്യക്തമാക്കിയെങ്കിലും അത് വേണ്ടെന്ന് ധോണി തന്നെ തീരുമാനിക്കുകയായിരുന്നുവെന്ന് വെളിപ്പെടുത്തല്‍. ധോണിയുടെ സാന്നിധ്യമില്ലാതെ ഗ്രൂപ്പ് ചാമ്പ്യന്മാരായി ടീം ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടുകയുണ്ടായി. മികച്ച സന്തുലിതാവസ്ഥയുള്ള ടീമില്‍ തന്റെ വരവോട് കൂടി ടീം ബാലന്‍സ് തെറ്റുവാന്‍ ഇടയായേക്കുമെന്ന് ധോണി പറയുകയും അതിനാല്‍ തന്നെ നോക്ക്ഔട്ട് ഘട്ടത്തില്‍ ഇനി താന്‍ ടീമിനൊപ്പം ചേരേണ്ടതില്ലെന്നും ധോണി തീരുമാനിക്കുകയായിരുന്നുവെന്ന് ജാര്‍ഖണ്ഡ് കോച്ച് രാജീവ് കുമാര്‍ അറിയിക്കുകയായിരുന്നു.
മഹാരാഷ്ട്രയ്ക്കെതിരെ ഒക്ടോബര്‍ 15നാണ് ജാര്‍ഖണ്ഡിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം. ഇന്ത്യയ്ക്കായി ബാറ്റ് ചെയ്യുവാന്‍ യഥേഷ്ടം അവസരം ലഭിക്കാത്ത ധോണിയ്ക്ക് തന്റെ ബാറ്റിംഗ് മെച്ചപ്പെടുത്തുവാനായി വിജയ് ഹസാരെ മത്സരങ്ങള്‍ ഉപയോഗപ്പെടുത്താമെന്നായിരുന്നു കണക്ക് കൂട്ടല്‍. എന്നാല്‍ ടീമിന്റെ മെച്ചത്തിനു വേണ്ടി തന്റെ വ്യക്തിഗത ആവശ്യങ്ങളെ ധോണി മാറ്റി വയ്ക്കുകയായിരുന്നു.