വിജയ് ഹസാരെ ട്രോഫിയിലെ ആദ്യ മത്സരത്തിൽ കേരളത്തിന് തകർപ്പൻ വിജയം. ഇന്ന് ത്രിപുരയെ നേരിട്ട കേരളം 145 റൺസിന്റെ ജയമാണ് സ്വന്തമാക്കിയത്. കേരളം ഉയർത്തിയ 349 എന്ന ലക്ഷ്യം ചെയ്സ് ചെയ്ത ത്രിപുര 203ന് ഓളൗട്ട് ആവുക ആയിരുന്നു.

കേരളത്തിനായി അപരജിത് 5 വിക്കറ്റും അങ്കിത് ശർമ്മ 2 വിക്കറ്റും വീഴ്ത്തി. വിഘ്നേഷ് പുത്തൂർ, നിധീഷ്, ആസിഫ് എന്നിവർ ഒരോ വിക്കറ്റ് വീതവും വീഴ്ത്തി. ത്രിപുരയ്ക്ക് ആയി 67 റൺസ് എടുത്ത ശ്രീദാം പോൾ ആണ് ടോപ് സ്കോറർ ആയത്.
അഹമ്മദാബാദിലെ ഗുജറാത്ത് കോളേജ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 348 റൺസെടുത്തിരുന്നു. നായകനായി അരങ്ങേറ്റം കുറിച്ച രോഹൻ കുന്നുമ്മൽ മുന്നിൽ നിന്ന് നയിച്ചപ്പോൾ കേരളം കരുത്തുറ്റ നിലയിലെത്തി.

92 പന്തിൽ നിന്ന് 11 ഫോറുകളും 3 സിക്സറുമടക്കം 94 റൺസെടുത്ത രോഹൻ, ബി. അപരാജിതിനൊപ്പം (64) ചേർന്ന് രണ്ടാം വിക്കറ്റിൽ 129 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. ക്യാപ്റ്റനായി ചുമതലയേറ്റ രോഹൻ തന്റെ ആദ്യ മത്സരത്തിൽ തന്നെ പക്വതയാർന്ന പ്രകടനം പുറത്തെടുത്തു.
മധ്യനിരയിൽ വിഷ്ണു വിനോദിന്റെ വെടിക്കെട്ട് ബാറ്റിംഗാണ് കേരളത്തിന്റെ സ്കോർ 300 കടത്തിയത്. വെറും 62 പന്തിൽ നിന്ന് 9 ഫോറുകളും 6 സിക്സറുമടക്കം 102 റൺസുമായി വിഷ്ണു വിനോദ് പുറത്താകാതെ നിന്നു. 164.52 സ്ട്രൈക്ക് റേറ്റിൽ ബാറ്റ് വീശിയ വിഷ്ണു ടീമിനെ മികച്ച ടോട്ടലിലെത്തിച്ചു.
ത്രിപുരയ്ക്കായി വിജയ് ശങ്കർ രണ്ട് വിക്കറ്റും എം.ബി. മുരാ സിംഗ് മൂന്ന് വിക്കറ്റും വീഴ്ത്തി.









