തുടർച്ചയായി രണ്ടാം തവണയും ഇറാനി ട്രോഫിയിൽ മുത്തമിട്ട് വിദർഭ. രഞ്ജി ട്രോഫി ജേതാക്കളായ വിദർഭ റെസ്റ്റ് ഓഫ് ഇന്ത്യയെ ഒന്നാം ഇന്നിംഗ്സ് ലീഡിന്റെ പിൻബലത്തിൽ മറികടന്നാണ് ജേതാക്കളായത്. മത്സരം സമനിലയിലാണ് അവസാനിച്ചതെങ്കിലും ഒന്നാം ഇന്നിങ്സിലെ ലീഡാണ് വിദർഭയെ ജേതാക്കളാക്കിയത്. ഇതിന് മുൻപ് ബോംബെയും കർണാടകയും മാത്രമാണ് രഞ്ജി ട്രോഫിയും ഇറാനി ട്രോഫിയും നിലനിർത്തിയത്.
ഒന്നാം ഇന്നിങ്സിൽ 425 റൺസ് എടുത്ത വിദർഭയുടെ ബാറ്റിനിങ്ങിനു പകരമായി വെറും 330 റൺസ് മാത്രമാണ് ഒന്നാം ഇന്നിങ്സിൽ റെസ്റ്റ് ഓഫ് ഇന്ത്യ നേടിയത്. രണ്ടു ഇന്നിങ്സിലും സെഞ്ചുറി നേടി ഹനുമാൻ വിഹാരി തിളങ്ങിയെങ്കിലും റെസ്റ്റ് ഓഫ് ഇന്ത്യയെ ജയിപ്പിക്കാൻ താരത്തിനായില്ല.
മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത റെസ്റ്റ് ഓഫ് ഇന്ത്യ 330 റൺസിന് പുറത്താവുകയായിരുന്നു. തുടർന്ന് ബാറ്റ് ചെയ്ത വിദർഭ 425 എന്ന കൂറ്റൻ സ്കോർ കണ്ടെത്തുകയുമായിരുന്നു. ആദ്യ ഇന്നിഗ്‌സിൽ ലീഡ് വഴങ്ങിയ റെസ്റ്റ് ഓഫ് ഇന്ത്യ രണ്ടാം ഇന്നിങ്സിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 374 റൺസിന് ഡിക്ലയർ ചെയ്ത് വിദർഭയെ ബാറ്റിങ്ങിന് അയച്ചെങ്കിലും 5 വിക്കറ്റ് നഷ്ടത്തിൽ 269 റൺസ് എടുത്ത് മത്സരം സമനിലയിലാക്കുകയായിരുന്നു. ഇതോടെയാണ് ഒന്നാം ഇന്നിംഗ്സ് ലീഡിൽ വിദർഭ കിരീടം നേടിയത്.