വിന്‍ഡീസ്, പാക്കിസ്ഥാന്‍, ഓസ്ട്രേലിയ, അയര്‍ലണ്ട് – എന്നീ രാജ്യങ്ങളാണ് ഈ ഇംഗ്ലീഷ് സമ്മറില്‍ ക്രിക്കറ്റ് കളിക്കാനായി എത്തിയത്. കൊറോണയുടെ വ്യാപനത്തിനിടയില്‍ കൃത്യമായ സുരക്ഷ മുന്നൊരുക്കങ്ങളിലൂടെ ഈ പരമ്പരകളെല്ലാം പൂര്‍ത്തിയാക്കുവാന്‍ ഇംഗ്ലണ്ട് ബോര്‍ഡിന് സാധിച്ചു. ഇംഗ്ലണ്ട് ബോര്‍ഡ് ഒരുക്കിയ സൗകര്യങ്ങള്‍ പ്രശംസനീയമാണെന്നത് പരിഗണിക്കുമ്പോള്‍ തന്നെ ഈ പരമ്പരയുമായി മുന്നോട്ട് വന്ന് സഹകരിച്ച മറ്റു ക്രിക്കറ്റ് രാജ്യങ്ങളുടെ പങ്കും ഏറെ വലുതാണ്.
ഇത് ക്രിക്കറ്റിന്റെ വിജയം എന്നാണ് ഇംഗ്ലണ്ട് മുഖ്യ കോച്ച് ക്രിസ് സില്‍വര്‍വുഡ് വിശേഷിപ്പിച്ചത്. ഇംഗ്ലണ്ട് ബോര്‍ഡിനെയും ഇതുമായി സഹകരിച്ച ഓരോ വ്യക്തിയോടും താന്‍ നന്ദി അറിയിക്കുകയാണെന്നാണ് ക്രിസ് വ്യക്തമാക്കിയത്. ലോകവും ക്രിക്കറ്റ് ലോകവും ഒരു വിഷമ സ്ഥിതിയിലൂടെ കടന്ന് പോകുമ്പോളാണ് ഇത്തരത്തില്‍ പരമ്പരകള്‍ സംഘടിപ്പിക്കുവാന്‍ അധികാരികള്‍ക്ക് സാധിച്ചതെന്ന് ക്രിസ് സില്‍വര്‍വുഡ് വ്യക്തമാക്കി.
ഏപ്രിലില്‍ കാര്യങ്ങള്‍ അവലോകനം ചെയ്യുമ്പോള്‍ ഇതൊന്നും സാധ്യമായിരുന്നില്ല. എന്നാല്‍ അവിടെ നിന്ന് ഇത്തരത്തില്‍ പരമ്പരകളുമായി മുന്നോട്ട് പോകുവാനായത് പ്രശംസനീയമായ കാര്യമാണെന്ന് ഇംഗ്ലണ്ട് മുഖ്യ കോച്ച് പറഞ്ഞു. ഹോട്ടലുകളും ഗ്രൗണ്ടുകളും പരിശീലന സൗകര്യങ്ങളും എല്ലാം ഒരുക്കി ഇതുമായി ബന്ധപ്പെട്ട എല്ലാവരും ഈ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചുവെന്നാണ് തന്റെ അഭിപ്രായം എന്നും ക്രിസ് സൂചിപ്പിച്ചു.