കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായി ഈ സീസണിൽ ഗംഭീരമായി ബൗൾ ചെയ്യുന്ന വരുൺ ചക്രവർത്തിക്ക് താരം അർഹിച്ച അവസരം വന്നിരിക്കുകയാണ്. ഇന്ത്യൻ ടീമിലേക്ക് ആദ്യമായി ക്ഷണം. ഓസ്ട്രേലിയക്ക് എതിരായ ട്വി20 സ്ക്വാഡിലാണ് വരുൺ ഇടം നേടിയിരിക്കുന്നത്. ആകെ 11 ട്വി20 മാത്രമേ വരുൺ ഇതുവരെ കളിച്ചിട്ടുള്ളൂ. അതിനകം ആണ് താരം ഇന്ത്യൻ ടീമിൽ എത്തിയിരിക്കുന്നത്.
2015ൽ ആർക്കിടെക് ജോലി ഉപേക്ഷിച്ച് ജീവിതത്തിൽ വഴിമുട്ടി നിൽക്കുക ആയിരുന്ന അവസ്ഥയിൽ നിന്ന് ഇന്ത്യൻ ടീമിലേക്കുള്ള വരുണിന്റെ യാത്ര ഇപ്പോൾ ഇന്ത്യയിൽ പല യുവതാരങ്ങൾക്ക് പ്രചോദനമാകുന്ന കഥയാണ്. 2018ൽ മാത്രമായിരുന്നു വരുൺ എ ക്ലാസ് അരങ്ങേറ്റം നടത്തിയത്. കഴിഞ്ഞ സീസണിൽ വരുൺ ഐ പി എല്ലിലും എത്തി. ഇത്തവണ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഏറ്റവും പ്രധാനപ്പെട്ട ബൗളർ ആയി മാറാൻ വരുണായി.
പത്ത് മത്സരങ്ങൾ ഈ സീസൺ ഐ പി എല്ലിൽ കളിച്ച താരം 12 വിക്കറ്റുകൾ നേടി. ഇതിൽ അവസാന മത്സരത്തിലെ അഞ്ചു വിക്കറ്റ് പ്രകടനവും ഉൾപ്പെടുന്നു. ഇന്ത്യൻ ടീമിലും വരുൺ ഈ പ്രകടനങ്ങൾ ആവർത്തിക്കും എന്നാണ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ പ്രതീക്ഷിക്കുന്നത്.