തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച റാങ്കിലേക്ക് ഏകദിനത്തില്‍ എത്തി ഓസ്ട്രേലിയയുടെ ഉസ്മാന്‍ ഖവാജ. 383 റണ്‍സ് നേടി തന്റെ കന്നി ശതകം ഉള്‍പ്പെടെ രണ്ട് ശതകങ്ങളാണ് താരം ഇന്ത്യയ്ക്കെതിരെയുള്ള പരമ്പരയില്‍ നേടിയത്. 85 സ്ഥാനങ്ങളാണ് തന്റെ ഈ മാസ്മരിക ഇന്നിംഗ്സ് പ്രകടനങ്ങളിലൂടെ ഖവാജ മെച്ചപ്പെടുത്തിയത്. 25ാം റാങ്കിലേക്കാണ് താരം ഇപ്പോള്‍ എത്തിയത്.
അതേ സമയം ശ്രീലങ്കയ്ക്കെതിരെ ശതകവും മൂന്ന് അര്‍ദ്ധ ശതകങ്ങളും നേടിയ ക്വിന്റണ്‍ ഡി കോക്ക് ഏകദിന റാങ്കിംഗില്‍ നാലാം സ്ഥാനത്തേക്ക് കുതിച്ചു. ഫാഫ് ഡു പ്ലെസിയും ഒരു സ്ഥാനം മെച്ചപ്പെടുത്തി അഞ്ചാം സ്ഥാനത്ത് നിലകൊള്ളുന്നു. ഏകദിനത്തിലേക്ക് തിരിച്ചു വന്ന് ഇംഗ്ലണ്ടിനെതിരെ അതിമാരകമായ ഫോം പ്രകടിപ്പിച്ച ക്രിസ് ഗെയില്‍ 35 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 41ാം റാങ്കിലേക്ക് ഉയര്‍ന്നു. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ രണ്ട് ശതകങ്ങള്‍ ഉള്‍പ്പെടെ 424 റണ്‍സാണ് ഗെയില്‍ അടിച്ചെടുത്തത്.
വിരാട് കോഹ്‍ലി തന്നെയാണ് റാങ്കിംഗില്‍ ഒന്നാമത്. രോഹിത് ശര്‍മ്മ രണ്ടാം സ്ഥാനത്തും തുടരുന്നു.













