തന്നെ ടീമില്‍ നിന്ന് പുറത്താക്കിയതെന്തിനെന്ന് ഉത്തമ ബോധമുണ്ടെന്ന് വ്യക്തമാക്കി ഓസ്ട്രേലിയന്‍ ബാറ്റ്സ്മാന്‍ പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ്. ആദ്യ ടെസ്റ്റിലെ മോശം പ്രകടനത്തെത്തുടര്‍ന്ന് താരത്തിനെ ഇലവനില്‍ നിന്ന് ഓസ്ട്രേലിയ ഒഴിവാക്കിയിരുന്നു. ഇതിനെത്തുടര്‍ന്ന് ബിഗ് ബാഷില്‍ എത്തിയ താരം മെല്‍ബേണ്‍ സ്റ്റാര്‍സിനു വേണ്ടി 35 പന്തില്‍ 70 റണ്‍സ് നേടി ടീമിനെ വിജയത്തിലേക്ക് നയിച്ചിരുന്നു.
തനിക്ക് ടീമിലെ സ്ഥാനം നഷ്ടമായതില്‍ വിഷമമുണ്ടെങ്കിലും പ്രധാനം ടീമിന്റെ കോമ്പിനേഷനായിരുന്നുവെന്നാണ് ഹാന്‍ഡ്സ്കോമ്പ് പറയുന്നത്. മിച്ചല്‍ മാര്‍ഷിന്റെ സേവനം ബൗളിംഗിലും ഉപയോഗപ്പെടുത്താമെന്നതാണ് ടീം പ്രയോജനപ്പെടുത്തുവാന്‍ നോക്കിയത്. അതിനാല്‍ തന്നെ ആ മാറ്റം അനിവാര്യമായിരുന്നു. എസ്‍സിജിയിലെ പിച്ചും ഫ്ലാറ്റാണെങ്കില്‍ മിച്ചല്‍ മാര്‍ഷാവും കളിയ്ക്കുവാന്‍ സാധ്യത.
സിഡ്നിയില്‍ ഒരു ബൗളര്‍ അധികം വേണമെങ്കില്‍ ടീം മാര്‍ഷിനെ പരിഗണിക്കും. തനിക്ക് തിരിച്ചുവരുവാനുള്ള അവസരമുണ്ടെന്നും അതിനായി താന്‍ പരിശ്രമിക്കുമെന്നും ഹാന്‍ഡ്സ്കോമ്പ് പറഞ്ഞു.