പാകിസ്ഥാൻ താരം ഉമർ ഗുൽ ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. 36കാരനായ ഉമർ ഗുൽ പാക്കിസ്ഥാനെ 60 ടി20 കളിലും 130 ഏകദിനങ്ങളിലും 47 ടെസ്റ്റുകളിലും പ്രതിനിധീകരിച്ചിട്ടുണ്ട്. എല്ലാ ക്രിക്കറ്റ് ഫോർമ്മാറ്റുകളിലുമായി 427 ഇന്റർനാഷ്ണൽ വിക്കറ്റുകളാണ് ഉമർ ഗുൽ സ്വന്തം പേരിലാക്കിയിട്ടുള്ളത്. നാഷൺസ് കപ്പ് ട്വി20യിൽ ഉമർ ഗുലിന്റെ ബലോചിസ്ഥാൻ പുറത്തായതിന് പിന്നാലെയാണ് ക്രിക്കറ്റിൽ നിന്നും ഗുൽ വിടവാങ്ങിയത്. ടൂർണമെന്റ് തുടങ്ങുമ്പോൾ തന്നെ ഗുൽ ഈ തീരുമാനം പ്രഖ്യാപിച്ചിരുന്നു. മത്സരശേഷം ഗ്വാർഡ് ഓഫ് ഓണർ നൽകിയാണ് താരത്തിനെ സതേൺ പഞ്ചാബ്- ബലോചിസ്ഥാൻ താരങ്ങൾ യാത്രയാക്കിയത് .
2003 മുതൽ 2016 വരെ പാകിസ്താൻ ടീമിലെ പ്രധാനി ആയിരുന്നു. 2009ൽ ട്വി20 ലോകകപ്പ് നേടിയ പാകിസ്ഥാൻ ടീമിലും ഉണ്ടായിരുന്നു. 2003മുതൽ 2016വരെ നീണ്ട ബൗളിംഗ് കരിയറിൽ തിളക്കമാർന്ന നേട്ടങ്ങൾ പാക്കിസ്ഥാന്റെ എക്കാലത്തെയും മികച്ച ബൗളർമാരുടെ പട്ടികയിൽ ഉമർ ഗുല്ലിന് ഇടം നേടിക്കൊടുത്തു. ഐ പി എല്ലിൽ മുമ്പ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായും ഉമർ ഗുൽ കളിച്ചിരുന്നു.