യുഎഇ ക്രിക്കറ്റിൽ പുതിയ ചരിത്രം; അഞ്ച് താരങ്ങൾക്ക് പൗരത്വം നൽകി രാജ്യം
![Resizedimage 2026 04 19 22 29 56 5947[1]](https://fanport.in/wp-content/uploads/2026/04/ResizedImage_2026-04-19_22-29-56_59471.avif)
യുഎഇ ക്രിക്കറ്റ് ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായി അഞ്ച് പ്രമുഖ ക്രിക്കറ്റ് താരങ്ങൾക്ക് രാജ്യം പൗരത്വം അനുവദിച്ചു. ഖുസൈമ തൻവീർ, അജയ് കുമാർ, അക്ഷദീപ് നാഥ്, ഹർപ്രീത് ഭാട്ടിയ, അദീബ് ഉസ്മാനി എന്നിവർക്കാണ് പൗരത്വം നൽകിയത്. ഇതോടെ യുഎഇയുടെ ചരിത്രത്തിൽ പൗരത്വം ലഭിക്കുന്ന ആദ്യ ക്രിക്കറ്റ് താരങ്ങളായി ഇവർ മാറി.
നിലവിൽ നേപ്പാൾ പര്യടനത്തിനുള്ള 17 അംഗ യുഎഇ ടീമിന്റെ ഭാഗമാണ് ഈ താരങ്ങൾ. രണ്ട് ട്വന്റി20 മത്സരങ്ങളും ഏകദിന പരമ്പരയുമാണ് നേപ്പാളിൽ നടക്കുന്നത്. പൗരത്വം ലഭിച്ചതോടെ വിദേശ താമസക്കാർ എന്ന നിലയിലല്ലാതെ രാജ്യത്തെ ഔദ്യോഗിക പൗരന്മാരായി തന്നെ ഇവർക്ക് ഇനി യുഎഇയെ പ്രതിനിധീകരിക്കാൻ സാധിക്കും.
സാധാരണയായി വിദേശ രാജ്യങ്ങളിൽ നിന്നെത്തി മൂന്ന് വർഷത്തെ താമസം പൂർത്തിയാക്കുന്നവർക്ക് ഐസിസി നിയമപ്രകാരം യുഎഇ ടീമിൽ കളിക്കാൻ അനുമതി നൽകാറാണ് പതിവ്. എന്നാൽ ഫുട്ബോൾ, റഗ്ബി തുടങ്ങിയ കായിക ഇനങ്ങളിൽ 2018-ലെ പ്രസിഡൻഷ്യൽ ഉത്തരവ് പ്രകാരം വിദേശ താരങ്ങൾക്ക് പൗരത്വം നൽകാറുണ്ടെങ്കിലും ക്രിക്കറ്റിൽ ഇത് ആദ്യമായാണ് സംഭവിക്കുന്നത്. രാജ്യത്തെ ക്രിക്കറ്റ് മേഖലയിൽ ദീർഘകാലമായി തുടരുന്ന മികച്ച താരങ്ങളെ ദേശീയ ടീമിനൊപ്പം ചേർത്തുനിർത്താനുള്ള എമിറേറ്റ്‌സ് ക്രിക്കറ്റ് ബോർഡിന്റെ തീരുമാനമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
ഐഎൽടി20, അബുദാബി ടി10 തുടങ്ങിയ ആഭ്യന്തര ലീഗുകളിലെ മികച്ച പ്രകടനമാണ് ഇവർക്ക് തുണയായത്.