പാക്കിസ്ഥാനെയും, ശ്രീലങ്കയെയും വീഴ്ത്തി എത്തിയ അഫ്ഗാനിസ്ഥാനെ പരാജയപ്പെടുത്തി അയര്‍ലണ്ട്. തങ്ങളുടെ ആദ്യ രണ്ട് മത്സരങ്ങളും പരാജയപ്പെട്ടുവെങ്കിലും ടൂര്‍ണ്ണമെന്റ് വിജയത്തോടെ അവസാനിപ്പിക്കാനായി എന്ന സന്തോഷത്തിലാണ് അയര്‍ലണ്ട് ലോകകപ്പില്‍ നിന്ന് വിട വാങ്ങുന്നത്. ഇന്ന് നടന്ന U-19 ലോകകപ്പ് ഗ്രൂപ്പ് ഡി മത്സരത്തില്‍ അയര്‍ലണ്ട് അഫ്ഗാനിസ്ഥാനെതിരെ നാല് റണ്‍സ് ജയം സ്വന്തമാക്കുകയായിരുന്നു. 50 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ അയര്‍ലണ്ട് 225 റണ്‍സ് നേടിയപ്പോള്‍ അഫ്ഗാനിസ്ഥാന് അവസാന ഓവറില്‍ 221 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. അഫ്ഗാനിസ്ഥാന്റെ മൂന്ന് വിക്കറ്റ് വീഴ്ത്തിയ അയര്‍ലണ്ട് നായകന് ഹാരി ടെക്ടര്‍ ആണ് കളിയിലെ താരം.
ആദ്യം ബാറ്റ് ചെയ്ത അയര്‍ലണ്ടിനായി ജാമി ഗ്രാസി(32), ഹാരി ടെക്ടര്‍(36), നീല്‍ റോക്ക്(35), ഗ്രഹാം കെന്നഡി(37*) എന്നിവരാണ് തിളങ്ങിയത്. അഫ്ഗാന് നിരയില്‍ വഫാദാര്‍, ഖൈസ് അഹമ്മദ് എന്നിവര്‍ 3 വീതം വിക്കറ്റ് വീഴ്ത്തി.
അനായാസ ലക്ഷ്യം നേടാനിറങ്ങിയ അഫ്ഗാനിസ്ഥാനു എന്നാല്‍ കാര്യങ്ങള്‍ അത്ര എളുപ്പമായിരുന്നില്ല. തുടക്കത്തില്‍ തന്നെ വിക്കറ്റുകള്‍ വീണപ്പോള്‍ കൂടുതല്‍ പ്രതിസന്ധിയിലായ ബാറ്റിംഗ് നിരയെ കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തി ടെക്ടറും സംഘാംഗങ്ങളും കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കി. 34 റണ്‍സുമായി ബഹീര്‍ ഷാ ആയിരുന്നു അഫ്ഗാനിസ്ഥാന്റെ ടോപ് സ്കോറര്‍. 33 റണ്‍സ് നേടി താരീക് സ്റ്റാനിക്സായിയും ബഹീറിനു പിന്തുണ നല്‍കിയെങ്കിലും മറ്റു ബാറ്റ്സ്മാന്മാര് പരാജയപ്പെട്ടപ്പോള്‍ അഫ്ഗാനിസ്ഥാന് ടൂര്‍ണ്ണമെന്റിലെ ആദ്യ തോല്‍വി വഴങ്ങി.
ഹാരി ടെക്ടറിനു(3) പുറമേ ജോഷ്വ ലിറ്റില്‍ 2 വിക്കറ്റുമായി അയര്‍ലണ്ടിനായി തിളങ്ങി. 49.2 ഓവറില്‍ 221 റണ്‍സിനു അഫ്ഗാനിസ്ഥാന് ഓള്‍ഔട്ട് ആവുകയായിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial